-->
ന്യൂഡല്‍ഹി: സിവില്‍ തര്‍ക്ക കേസില്‍ ക്രിമിനല്‍ നടപടികള്‍ അനുവദിച്ചതിന് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രശാന്ത് കുമാറിനെതിരായ നിരീക്ഷണങ്ങള്‍ ഡിലീറ്റ് ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. ജഡ്ജിയെ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ആയിരുന്നില്ല ബെഞ്ചിന്റെ നിരീക്ഷണങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സിവില്‍ തര്‍ക്ക കേസുകളില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും അത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമാകുമെന്നും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 4ന് നിരീക്ഷിച്ചു. ഹൈക്കോടതിയിലെ പരിചയസമ്പന്നനായ ഒരു മുതിര്‍ന്ന ജഡ്ജി ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചില്‍ ഇരിക്കാന്‍ അനുവദിക്കുമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്. ജുഡീഷ്യറിയുടെ അന്തസ് നിലനിര്‍ത്തുന്നത് ഉറപ്പാക്കുന്നതിനാണ് ഈ നിരീക്ഷണങ്ങളെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.