-->
കെ.എസ്. സേതുമാധവന്റെ ‘കണ്ണും കരളും’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരമാണ് കമല്‍ഹാസന്‍. അവിടെ നിന്ന് വളര്‍ന്നു തുടങ്ങിയ താരം നായകനായി തിളങ്ങിയത് മലയാളത്തിലോ തമിഴിലോ മാത്രമല്ല, തെന്നിന്ത്യയിലും ബോളിവുഡിലുമടക്കമാണ്. വർഷങ്ങൾക്കിപ്പുറം കമൽഹാസൻ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായി നിലനിൽക്കുന്നത് കൊണ്ടാണ് താരത്തിന് ഉലകനായകന്‍ എന്ന് പേരു തമിഴകം നല്‍കിയത്. താരത്തിന്റെ ഓരോ സിനിമയും കേരളവും ആഘോഷമാക്കാറുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് കാത്തിരിപ്പിനൊടുവിൽ തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. തമിഴിൽ ആയിരുന്നു താരത്തിന്റെ സത്യപ്രതിജ്ഞ. താരത്തിന്റെ ഈ ഉയര്‍ച്ചയും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തമിഴ്നാടിനായി ഉലകനായകന്റെ ശബ്ദം രാജ്യസഭയിലും മുഴങ്ങുമെന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
ഇപ്പോഴിതാ രാജ്യസഭാ എംപിയായ ശേഷം കമൽ ഹാസൻ പ്രധാനമന്തി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്. തമിഴ്നാട്ടിലെ കീലടി സംസ്കാരത്തെ പുരാതന സംസ്കാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്നും താരം കുറിച്ചിട്ടുണ്ട്.
‘‘ഇന്ന്, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കാണാൻ എനിക്ക് അവസരം ലഭിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും ഞാൻ അദ്ദേഹത്തിന് മുന്നിൽ കുറച്ച് അഭ്യർത്ഥനകൾ വെച്ചു, അവയിൽ ഏറ്റവും പ്രധാനം കീലാടിയുടെ പൗരാണികതയെ വേഗത്തിൽ തിരിച്ചറിയുക എന്നതായിരുന്നു.
തമിഴ് നാഗരികതയുടെ മഹത്വവും തമിഴ് ഭാഷയുടെ കാലാതീതമായ മഹത്വവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് തമിഴ് ജനതയ്ക്ക് പിന്തുണ നൽകണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു....’’ പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കമല്‍ ഹാസന്‍ കുറിച്ചു.