-->
തെലുങ്ക് സിനിമാമേഖലയില്‍ അന്നുമിന്നും സൂപ്പര്‍സ്റ്റാറായി പ്രേക്ഷകര്‍ ആരാധിക്കുന്നത് ഒരാളെയാണ്, ചിരഞ്ജീവി. താരത്തിന്റെ അഭിനയമികവും ആക്ഷന്‍ രംഗങ്ങളും നൃത്തവുമൊക്കെ ഇന്നും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്താറുണ്ട്. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ചിരഞ്ജീവി ബ്ലഡ് ബാങ്കും നേത്രബാങ്കുമെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ ട്രസ്റ്റിനു കീഴിലുള്ള രക്തബാങ്കിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ചിരഞ്ജീവി പങ്കുവെച്ച ഒരു അനുഭവമാണ് വൈറലായിരിക്കുന്നത്. നടൻ തേജ സജ്ജയ്ക്കൊപ്പം ഹൈദരാബാദില്‍ നടന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഒരു പരിപാടിക്കിടെ ഒരു രാഷ്ട്രീയക്കാരൻ തനിക്കെതിരെ സംസാരിച്ചതിനെ തുടർന്നുണ്ടായ സംഭവം ചിരഞ്ജീവി പറഞ്ഞത്.
‘‘ഒരു പരിപാടിക്കിടെ ഒരു രാഷ്ട്രീയക്കാരൻ എനിക്കെതിരെ സംസാരിച്ചു. ഞാൻ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുപോയിട്ടും ആ രാഷ്ട്രീയക്കാരൻ എനിക്കെതിരെ സംസാരിച്ചു. എനിക്കെതിരെ സംസാരിച്ചതിന് ശേഷം പിന്നീടൊരു ദിവസം അയാള്‍ മറ്റൊരിടത്ത് മറ്റൊരു പരിപാടിക്ക് പോയി. അപ്പോള്‍ അവിടെയുണ്ടായിരുന്ന മധ്യവയസ്ക എഴുന്നേറ്റ് നിന്ന് എനിക്കെതിരെ പറഞ്ഞതിനെ ചോദ്യം ചെയ്തു.
അവർ എന്തിനാണ് എനിക്കുവേണ്ടി ഇങ്ങനെ സംസാരിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. അവരെ കണ്ടാല്‍ എന്റെ സാധാരണ ഒരു ആരാധികയെ പോലെ തോന്നിയില്ല. ഞാൻ അവരെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അവർ എന്റെ ആരാധിക തന്നെയായിരുന്നു; പക്ഷേ അത് എന്റെ സിനിമകള്‍ കണ്ട് ഉണ്ടായ ആരാധനയായിരുന്നില്ല, മറിച്ച് ഞാനെന്ന വ്യക്തിയെയാണ് അവർ ആരാധിച്ചത്. അത് എന്റെ ഹൃദയത്തെ സ്പർശിച്ചു.
പിന്നീട് ഒരു മാധ്യമപ്രവർത്തകൻ എനിക്കു വേണ്ടി ആ സ്ത്രീയെ കണ്ടു. അപ്പോഴാണ് എന്തുകൊണ്ടാണ് താൻ ചിരഞ്ജീവിയെ ഇഷ്ടപ്പെടുന്നത് എന്ന് വെളിപ്പെടുത്തിയത്. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തന്റെ ഇളയമകന്റെ ജീവൻ രക്ഷിച്ചത് ഞാനാണെന്നാണ് അവർ ആ മാധ്യമപ്രവർത്തകനോട് പറഞ്ഞത്. രാജമുണ്‍ഡ്രിക്കടുത്തുള്ള ചെറിയ ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീയായിരുന്നു അത്. ഡെങ്കിപ്പനി ബാധിച്ച മകന് അത്യാവശ്യമായി രക്തം ആവശ്യമായി വന്നു.
ഹൈദരാബാദിലെ എന്റെ രക്തബാങ്കിലേക്കാണ് അവർ വന്നത്. വിവരം ലഭിച്ച ഉടൻ രാജമുണ്‍ഡ്രിയിലെ എന്റെ ആരാധകർ അവർക്ക് വേണ്ട സഹായം ചെയ്തു. അവരുടെ മകന് ഇപ്പോള്‍ എട്ട് വയസുണ്ട്. എന്റെ നേരിട്ടുള്ള സഹായമല്ലായിരുന്നെങ്കില്‍ കൂടി എന്റെ സഹായമില്ലായിരുന്നെങ്കില്‍ തന്റെ മകൻ ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്നാണ് ആ സ്ത്രീ മാധ്യമപ്രവർത്തകനോട് പറഞ്ഞതെന്ന് ഞാനറിഞ്ഞു...’’ചിരഞ്ജീവി വികാരാധീനനായി പറഞ്ഞു. നിറഞ്ഞ കൈയടിയോടെയും ബഹുമാനത്തോടെയുമാണ് സൂപ്പര്‍സ്റ്റാറിന്റെ വാക്കുകള്‍ സദസ്സും വേദിയിലിരിക്കുന്നവരും ഏറ്റെടുത്തത്.