-->
കട്ടുറുമ്പിന് കല്യാണം... എന്ന് പാടി കുഞ്ചാക്കോ ബോബന്റെ നായികയായി ‘പ്രിയം’ സിനിമയിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ നായികയാണ് ദീപ നായര്‍. ഒറ്റ സിനിമയിലേ അഭിനയിച്ചുള്ളൂവെങ്കിലും 25 വര്‍ഷത്തിനു ശേഷം ആ നായികയെ മലയാളികള്‍ ഓര്‍ക്കുന്നുണ്ട്. ഒറ്റ സിനിമകൊണ്ട് ഏവരുടെയും സ്നേഹം നേടിയെങ്കിലും ദീപയെ പിന്നീട് സിനിമകളില്‍ ഒന്നും കണ്ടില്ല. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ദീപ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ഒരു പുതിയ തുടക്കത്തിന്റെ സന്തോഷം പങ്കിടുകയാണ് ദീപ നായര്‍. ആരാധകര്‍ക്ക് തന്നോട് ചോദിക്കാനുള്ള സംശയങ്ങളും ചോദ്യങ്ങളും പങ്കിടാനും തന്റെ ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസ്സിനു വേണ്ടിയുമായി മ്യൂസിംഗ്സ് ബൈ ദീപ എന്ന പുതിയ സോഷ്യല്‍ മീഡിയ പേജ് തുടങ്ങിയ സന്തോഷം പങ്കിടുകയാണ് ദീപ.
‘‘എല്ലാവര്‍ക്കും ഹായ്... ഞാന്‍ ദീപ നായര്‍. നിങ്ങള്‍ക്ക് എന്നെ ‘പ്രിയം’ സിനിമയിലെ ആനിയായിട്ടായിരിക്കും അറിയുന്നുണ്ടാവുക. വെല്‍കം ടു മൈ ന്യൂ പേജ്, മ്യൂസിംഗ്സ് ബൈ ദീപ നായര്‍. ഇപ്പോ എന്തിനാണ് ഇങ്ങനെയൊരു പേജ് എന്തിനാണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. പ്രിയം ഇറങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞെങ്കിലും, ഞാന്‍ ആകെ ആ ഒരു സിനിമയേ ചെയ്തിട്ടുള്ളുവെങ്കിലും ഇപ്പോഴും എനിക്ക് സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും ഒട്ടേറെ സ്നേഹവും സ്നേഹാന്വേഷണങ്ങളും കിട്ടാറുണ്ട്. ഒപ്പം കുറെ ചോദ്യങ്ങളും. ‘ദീപ ഇപ്പോള്‍ എവിടെയാണ്, എന്താണ് ചെയ്യുന്നത്,എന്തുകൊണ്ടാണ് ഒരു സിനിമ കൊണ്ട് മാത്രം നിര്‍ത്തിക്കളഞ്ഞത്, ഇനിയും സിനിമയിലേക്ക് തിരിച്ചു വരാന്‍ താത്പര്യമുണ്ടോ ....’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍. അതിന് കുറെ ഉത്തരങ്ങളും എഫ്.ബി പോസ്റ്റു വഴിയും യൂട്യൂബ് വീഡിയോ വഴിയുമൊക്കെ ചിലര്‍ കൊടുത്തിട്ടുമുണ്ട്.
അതില്‍ കുറെയൊക്കെ സത്യങ്ങളാണ്. എന്നാല്‍ ബാക്കി കുറെ ഉണ്ടാക്കിയ കഥകളുമാണ്. ഇതില്‍ എന്തൊക്കെയാണ് സത്യം, എന്തൊക്കെയാണ് മേയ്ഡ് അപ്പ് സ്റ്റോറികള്‍ എന്നൊക്കെ നിങ്ങളോട് നേരിട്ട് പറയാന്‍ വേണ്ടിയുള്ളതാണ് ഈ പേജ്. അതാണ് ഒരു കാരണം. മറ്റൊന്ന്, എന്റെയും എന്റെ അമ്മയുടെയും കുറെ കാലത്തെ താത്പര്യമാണ് ഈ ജ്വല്ലറികള്‍. ഗോള്‍ഡ് ജ്വല്ലറിയല്ല, ഫാഷന്‍ ജ്വല്ലറി കോസ്റ്റ്യൂം ജ്വല്ലറിയൊക്കെ. ഞാനും അമ്മയും തിരുവനന്തപുരത്തു നിന്നും മുബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമൊക്കെ സെലക്ട് ചെയ്ത കുറെ ജ്വല്ലറി ഈ പേജിലൂടെ ഞാന്‍ ഷോ കെയ്സ് ചെയ്യുകയാണ്.
ഞാനിപ്പോള്‍ മെല്‍ബണിലാണ്. അപ്പോള്‍ ഓസ്ട്രേലിയയില്‍ ഉള്ളവര്‍ക്ക് വേണ്ടിയാണ് ഈ കളക്ഷന്‍ കൊണ്ടുവരുന്നത്. ഞാന്‍ ജ്വല്ലറിയുടെ ഫോട്ടോസ് ഞാന്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഇഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ എനിക്ക് ഡിഎം ചെയ്യണം. അടുത്ത വീഡിയോയില്‍ കൂടുതല്‍ വിശേഷങ്ങള്‍ പറയാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി ഞാന്‍ വരും. അതുവരേയ്ക്കും ഈ പേജ് ലൈക്ക് ചെയ്യുക, എല്ലാവരുമായി ഷെയര്‍ ചെയ്യുക, ഫോളോ ചെയ്യുക... ഇനിയും കാണും വരെ...ബൈ...’’ എന്നാണ് ദീപ വീഡിയോയിലൂടെ പറയുന്നത്.
വീഡിയോയ്ക്ക് താഴെ പല ആരാധകരും കമന്റുകളും കുറിക്കുന്നുണ്ട്. ‘വളരെ നന്നായി ഈ പേജ്, ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍, പല ഫെയ്ക് ന്യൂസും കണ്ടിരുന്നു, അതിന്റെയൊക്കെ സത്യം അറിയാമല്ലോ, കണ്ടതില്‍ വളരെ സന്തോഷം’ എന്നതടക്കമാണ് കമന്റുകള്‍.