Saturday, March 14, 2026 Last Updated 15 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 12.20 PM

‘ഒരിക്കല്‍ എനിക്ക് അഞ്ചാം പനിയാണെന്നറിഞ്ഞ് അച്ഛന്‍ ഓടിവന്നു; എന്നെ കെട്ടിപ്പിടിച്ച് കിടന്നതോടെ പനി മാറി; അച്ഛനില്ലാത്തത് വലിയ ശൂന്യത, ഉള്‍ക്കൊള്ളാനാവുന്നില്ല...’ വി.എ അരുണ്‍കുമാര്‍

വിപ്ലവസൂര്യന്‍ വി.എസ് അച്യൂതാനന്ദന്റെ വേര്‍പാടില്‍ ഇന്നും ഓരോ കമ്മ്യൂണിസ്റ്റുകാരനും നൊമ്പരപ്പെടുന്നുണ്ട്. ഇ​പ്പോഴിതാ അച്ഛന്‍ ഒപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്ന് പറയുകയാണ് മകന്‍ വി.എ അരുണ്‍കുമാര്‍.
V.S. Achuthanandan, V.A. Arunkumar
V A Arunkumar emotional about father VS achuthananthan (Image Source: Youtube)

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ ജനപ്രിയ നേതാവ് വി.എസ് അച്യൂതാനന്ദന്‍. വിപ്ലവസൂര്യനായിരുന്ന വി.എസ്സിന്റെ വേര്‍പാട് ഒരു യുഗത്തിന്റെ അന്ത്യമെന്നാണ് പലരും കുറിച്ചത്. ലോകത്തെ തന്നെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്നു.
വിഎസ്സിന്റെ വേര്‍പാടിന്റെ നൊമ്പരം ഇന്നും ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും നെഞ്ചിനുള്ളിലുണ്ട്. വലിയൊരു ജനസാഗരത്തിന്റെ നടുവിലൂടെയായിരുന്നു വി.എസ്സിന്റെ വിലാപയാത്ര തലസ്ഥാനത്തു നിന്നും ആലപ്പുഴയിലേക്ക് എത്തിയത്. ആ യാത്രയ്ക്കിടയില്‍ കണ്ണു ചിമ്മാതെ വി.എസ്സിനൊപ്പം ചേര്‍ന്നിരുന്ന മകനാണ് വി.എ അരുണ്‍ കുമാര്‍. അച്ഛന്റെ ചികിത്സയിലുടനീളം ശുഭപ്രതീക്ഷയോടെ ഒപ്പമുണ്ടായിരുന്ന അരുണ്‍കുമാറിന് അച്ഛന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആ കണ്ണുകളില്‍ നിന്ന് വ്യക്തമായിരുന്നു. അച്ഛന്റെ നിഴലായി എന്നും എപ്പോഴും കൂടെയുണ്ടായിരുന്ന ആളാണ് അരുണ്‍കുമാര്‍.
ഇപ്പോഴിതാ വി എസ്സിന്റെ ഓര്‍മ്മകളില്‍ നൊമ്പരപ്പെടുകയാണ് മകന്‍ വി.എ അരുണ്‍കുമാര്‍. അച്ഛന്‍ ഒപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും തിരുവനന്തപുരത്ത് വീട്ടില്‍ എത്തുമ്പോള്‍ വലിയൊരു ശൂന്യത അനുഭവപ്പെടാറുണ്ടെന്നും പറയുകയാണ് അരുണ്‍ കുമാര്‍.
‘‘തിരുവനന്തപുരത്ത് അച്ഛന്‍ കഴിഞ്ഞിരുന്ന വീട്ടില്‍ വന്നിരിക്കുമ്പോള്‍ അനുഭവപ്പെടുന്നത് വലിയൊരു ശൂന്യതയാണ്. കുട്ടിക്കാലം മുതലുള്ള എല്ലാ കാര്യങ്ങളും അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ എല്ലായിപ്പോഴും അച്ഛന്‍ കുടുംബത്തോടൊപ്പമായിരുന്നില്ല. ചെറുപ്പത്തില്‍ ഒരിക്കല്‍ അഞ്ചാം പനി വന്ന് അല്‍പ്പം കൂടുതലായി. വിവരം അച്ഛനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് രാത്രി അദ്ദേഹം വീട്ടിലെത്തി. അന്ന് വീട്ടില്‍ തന്നെ തങ്ങുകയും കെട്ടിപ്പിടിച്ച്‌ കിടക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ അച്ഛന്‍ മടങ്ങുമ്പോള്‍ എന്റെ പനി മാറിയിട്ടുണ്ടായിരുന്നു.
അച്ഛന്‍ മരണപ്പെട്ടതിന് ശേഷം വിലാപയാത്രയില്‍ ചെറുപ്പക്കാര്‍ ഒക്കെ ഒരുപാട് ദൂരം കൂടെ നടന്നു. പലരും കരഞ്ഞുകൊണ്ടാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. അച്ഛന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങള്‍ മറക്കാനാവില്ല. ഓരോ ദിവസവും അച്ഛന്റെ ആരോഗ്യം മെച്ചപ്പെടുന്നുവെന്ന വിവരമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു. പെട്ടെന്നാണ് ആരോഗ്യം മോശമായത്.
തിരിച്ചുവരാനുള്ള സാദ്ധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷിനേയും കാര്യങ്ങള്‍ ധരിപ്പിക്കുകയും അവര്‍ ഉടനെ തന്നെ എത്തുകയുമായിരുന്നു. അച്ഛന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ആളുകള്‍ അച്ഛനോട് പ്രകടിപ്പിച്ച സ്‌നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്...’’ അരുണ്‍ കുമാര്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിഎസ്സിന്റെ മകന്‍ അച്ഛന്റെ മരണത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അരുണ്‍ കുമാര്‍ മനസ്സ് തുറന്നത്.

Ads by Google
Ads by Google
TRENDING NOW