-->
കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതിരുന്ന നേതാവും വിപ്ലവസമരനായകനുമായ വി.എസ്. അച്യൂതാനന്ദന്റെ വേര്‍പാടില്‍ നൊമ്പരപ്പെടുകയാണ് കേരളത്തിലെ സമൂഹം. പാര്‍ട്ടിക്കും വിശ്വാസത്തിനും മേലെയായിരുന്നു വി.എസ് എന്ന വ്യക്തിയോട് മറ്റു പല നേതാക്കള്‍ക്കുമുള്ള സ്നേഹവും ആദരവും. തോല്‍വികളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട പുന്നപ്രയുടെ വീരപുത്രനായിരുന്നു വി.എസ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്. അച്യുതാനന്ദന്റേത്.
പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടര്‍ന്ന് 2021-ലെ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ലായിരുന്ന വി.എസ്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. വിപ്ലവ കേരളത്തിന്റെ രക്തതാരകമായ വി.എസ് തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 3.20-ഓടെയായിരുന്നു വിടവാങ്ങിയത്.
ഇപ്പോഴിതാ വി.എസ് അച്യൂതാനന്ദന് സ്മരാണഞ്ജലി അര്‍പ്പിക്കുകയാണ് അഭിനേത്രിയായ മഞ്ജു വാര്യര്‍. പേരിനെ അടയാളമാക്കിയ നേതാവിന് ആദരാഞ്ജലി എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. ‘‘വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തിൽ ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകൾ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.
1923 ഒക്ടോബര്‍ 20-ന് ശങ്കരന്റെയും അക്കമ്മയുടെ മകനായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ ജനിച്ചത് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ്. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലേക്ക് എത്തിയത്. തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1940-ലാണ് വി.എസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.
ആലപ്പുഴയിലെ കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായി വി.എസ് മാറി. വി.എസ്സിന്റെ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ സമരമാണ് 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭം. ഇത് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചു. 1977-ലെ പരാജയത്തിന് ശേഷം 1991-ലാണ് വി.എസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മടങ്ങിയെത്തിയത്.
പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാര സ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവില്‍ അന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ വിശ്വാസത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അശരണരുടെ കണ്ണീരൊപ്പിയ വി.എസ് മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും വി.എസ് പ്രവര്‍ത്തിച്ചു. ക്യാബിനറ്റ് പദവിയോടെ ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി. ആ നിലയിലും ഫലപ്രദമായ ഇടപെടലുകള്‍ അദ്ദേഹം നടത്തിയിരുന്നു. ക്രമേണ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിത്തുടങ്ങി. പതിയെ അദ്ദേഹം പൊതുരംഗത്ത് നിന്ന് പിന്‍വാങ്ങുകയും ചെയ്തു. പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടര്‍ന്ന് 2021-ലെ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ലായിരുന്ന വി.എസ്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
കേരളത്തെ ഇത്രനാള്‍ കണ്ണും കാതും നല്‍കി കാത്തുസൂക്ഷിച്ച ജനനേതാവാണ് വി.എസ്. അച്യുതാനന്ദന്‍. ‘കണ്ണേ കരളേ വി.എസ്സേ’ എന്ന മുദ്രാവാക്യം ചൊല്ലിയാണ് അദ്ദേഹത്തെ പാര്‍ട്ടിവിശ്വാസികള്‍ യാത്രയയ്ക്കുന്നത്. മലയാളിയുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഇതുപോലെ ഇടപെട്ട മറ്റൊരു നേതാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിയവരിലെ അവസാനകണ്ണികളിലൊരാള്‍. നികത്താനാവാത്ത വലിയ ശൂന്യത അവശേഷിപ്പിച്ചാണ് വി.എസ് യാത്രയാകുന്നത്.