-->
തമിഴകത്തിന്റെ പ്രിയതാരം സൂര്യ വെള്ളിത്തിരയില്‍ മാത്രമല്ല തന്റെ വ്യക്തിജീവിതത്തിലും ഏറെ കൈയടിയും ബഹുമാനവും സ്നേഹവും നേടിയിട്ടുള്ള താരമാണ്. വ്യക്തിജീവിതത്തില്‍ മകന്‍, ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ എന്നീ നിലകളിലെല്ലാം താരം സ്നേഹവും അംഗീകാരവും ബഹുമാനവും നേടിയിട്ടുണ്ട്. അതിലുപരി മനുഷ്യസ്നേഹി കൂടിയായ താരം സാമൂഹിക പ്രവര്‍ത്തനത്തിലൂടെയും ജനമനസ്സ് കീഴടക്കിയിട്ടുണ്ട്. സൂര്യയും സഹോദരന്‍ കാര്‍ത്തിയും നേതൃത്വം വഹിക്കുന്ന ചാരിറ്റി സംഘടനയാണ് അഗരം ഫൗണ്ടേഷന്‍.
ഇക്കഴിഞ്ഞ ദിവസമാണ് അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികം ആഘോഷിച്ചത്. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. അഗരത്തിലൂടെ മികച്ച വിദ്യാഭ്യാസം നേടി ജോലി കണ്ടെത്തിയവരെ ആഘോഷത്തിന്റെ ഭാഗമായി ആദരിച്ചിരുന്നു.
ഇപ്പോഴിതാ ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പല വിദ്യാർഥികളും തങ്ങളുടെ ജീവിതകഥ പറഞ്ഞപ്പോള്‍ വേദിയിലിരുന്ന സൂര്യ കണ്ണീരണിയുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കുന്നത്. ജയപ്രിയ എന്ന പെണ്‍കുട്ടി തന്റെ വിജയകഥ പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞാണ് താരം കൈയടിച്ചത്. മഴ പെയ്താല്‍ ചോർന്നൊലിക്കുന്ന, വൈദ്യുതി പോലുമില്ലാത്ത കടലൂരിലെ ഒരു വീട്ടില്‍നിന്ന് വന്ന് അഗരത്തിന്റെ സഹായത്തോടെ പഠിച്ച് ഇൻഫോസിസില്‍ പത്ത് ലക്ഷത്തോളം വാർഷിക ശമ്പളമുള്ള ടെക്നോളജി ലീഡ് ജോലി കിട്ടിയതിനെ കുറിച്ചാണ് ജയപ്രിയ സംസാരിച്ചത്.
അന്ന് തങ്ങളുടെ കൊച്ചുവീട് ചില ആളുകള്‍ തട്ടിയെടുത്തുവെന്നും ഇന്ന് തന്റെ അമ്മയുടെ പേരില്‍ രണ്ട് വീടുകളുണ്ടെന്നും പത്ത് വർഷത്തെ പഠനത്തിനിടയില്‍ പെണ്‍കുട്ടികള്‍ പഠിച്ചിട്ട് എന്താണ് കാര്യം എന്ന ചോദ്യം താൻ പലപ്പോഴും നേരിട്ടുവെന്നും അവർക്കുള്ള മറുപടിയാണ് തന്റെ ജീവിതമെന്നും ജയപ്രിയ പറയുന്നു.
‘‘കടലൂരില്‍ നിന്ന് വരുന്ന എന്റെ പേര് ജയപ്രിയ എന്നാണ്. 2014 ബാച്ചിലുള്ള വിദ്യാർഥിയാണ് ഞാൻ. ഇപ്പോള്‍ വളരെയധികം സന്തോഷകരമായ ജീവിതമാണ് എനിക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ എംഎൻസികളില്‍ ഒന്നായ ഇൻഫോസിസില്‍ ടെക്നോളജി ലീഡായി ജോലി ചെയ്യുകയാണ് ഞാനിപ്പോള്‍.
ഇനി ഞാൻ എന്റെ കഥ പറയാം. എണ്‍പതുകളിലെ സിനിമകള്‍ പോലെയാണ് എന്റെ ജീവിതം തുടങ്ങുന്നത്. എന്റെ നാടും വീടുമെല്ലാം വളരെ ചെറുതാണ്. നഗരത്തില്‍ നിന്ന് അകന്ന് ഏറെ ദൂരെയായി മരങ്ങളുടേയും ചെടികളുടേയും നടുവിലാണ് എന്റെ വീട് സ്ഥിതി ചെയ്യുന്നത്. മണ്‍ചുമരുള്ള വീടായിരുന്നു. ഒരു ചെറിയ മഴ പെയ്താല്‍ ഉടൻ വെള്ളം കയറും. ഇടയ്ക്കിടെ അതിഥികളായി പാമ്പും പല്ലിയുമെല്ലാം വരും. വീട്ടില്‍ കറന്റ് ഉണ്ടായിരുന്നില്ല. വെള്ളം ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് പഠിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നത് ഞാൻ പഠിക്കാൻ മിടുക്കിയാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ്. ഞാൻ നന്നായി പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും രാത്രി എന്റെ കയ്യില്‍ എപ്പോഴും പാഠപുസ്തകങ്ങള്‍ കാണും. ഞാൻ എപ്പോഴും പഠിച്ചു കൊണ്ടേയിരിക്കും.
വേറൊരു കാര്യം കൂടി പറയാനുണ്ട്. ഞാൻ നേരത്തേ എന്റെ വീടിനെക്കുറിച്ച് നിങ്ങളോട് പറഞ്ഞില്ലേ. ഇടക്ക് ഞങ്ങളുടെ വീട് ചിലർ തട്ടിയെടുത്തു. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്. എന്റെ അച്ഛനും അമ്മയും വിദ്യാഭ്യാസമില്ലാത്തവരാണ്. അവർ തീർത്തും ദരിദ്രരാണ്. അതോടെ ഞങ്ങള്‍ക്ക് വീട് ഇല്ലാതെയായി. ഞാൻ പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങി വിജയിച്ചു. സ്കൂളിലെ ടോപ്പർ ആയിരുന്നു. പക്ഷേ അതിനുശേഷം എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരുന്നു ഞാൻ ആ സമയത്ത് കടന്ന് പോയിരുന്നത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് എന്റെ വിദ്യാഭ്യാസം, മറ്റൊന്ന് അഗരം. അഗരം ഫൗണ്ടേഷൻ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തില്‍ സംഭവിച്ച മനോഹരമായൊരു ആക്സിഡന്റ് ആയിരുന്നു എന്ന് പറയാം.
കാരണം എനിക്ക് അഗരം ഫൗണ്ടേഷനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ആരും എന്നോട് ആ സ്ഥാപനത്തെക്കുറിച്ച് പറഞ്ഞിട്ടില്ലായിരുന്നു. ഒരിക്കല്‍ എന്റെ ഹെഡ്മിസ്ട്രസ് ഒരു പത്തക്കനമ്പർ എന്റെ കയ്യില്‍ തന്നു. എന്നിട്ട് എന്നോട് പറഞ്ഞു. ‘നീ ഒരു കാര്യം ചെയ്യൂ. ഈ നമ്പറിലേക്ക് ഒന്ന് വിളിക്കൂ. നിനക്ക് എന്താണോ വേണ്ടത് അത് നിനക്ക് ഇവിടെ നിന്ന് കിട്ടും’ എന്നാണ്.
അങ്ങനെ 2014 മാർച്ച് മാസം ഞാൻ അവർ തന്ന ആ നമ്പര്‍ ഡയല്‍ ചെയ്തു. എന്റെ ജീവിതം അതിന് ശേഷം ഏറെ മനോഹരമായി മാറി. തമിഴ്നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സായ് റാമില്‍ പഠിക്കാനുള്ള അവസരം ലഭിച്ചു. അന്ന് കോളേജില്‍ ചേർന്ന സമയത്ത് ഞാൻ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചു. എനിക്ക് ഇംഗ്ലീഷ് വഴങ്ങില്ലായിരുന്നു.
ഞാൻ തമിഴ് മീഡിയത്തിലാണ് പഠിച്ചിരുന്നത്. ഇംഗ്ലീഷ് അത്ര പെട്ടെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ഞാൻ വീണ്ടും അഗരത്തില്‍ ചെന്ന് എന്നെ സഹായിക്കണം എന്നവരോട് പറഞ്ഞു. അവർ എനിക്ക് വേണ്ട കരിയർ ഗൈഡൻസ് തന്നു. ഞാൻ അത് കൃത്യമായി പിന്തുടർന്നു. പിന്നീട് അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ പഠനം പൂർത്തിയാക്കി.
അതിനുശേഷം ഞാൻ ടിസിഎസ്‌എയില്‍ ജോലി തുടങ്ങി. ഇപ്പോള്‍ ഞാൻ ഇൻഫോസിസില്‍ ജോയിൻ ചെയ്തു. ഇത്രയൊക്കെ നേടിയിട്ടും എന്റെ ഒരു ആഗ്രഹം ബാക്കിയായി നിന്നു. അച്ഛനമ്മമാർക്ക് സമാധാനമായി തലചായ്ക്കാൻ പാകത്തിന് ഒരു വീട് വേണം എന്ന ആഗ്രഹം. അതും സാധിച്ചു. ഇന്ന് ഞാൻ വളരെ വലിയൊരു വീട് വച്ചിട്ടുണ്ട്. ഞാൻ നേരത്തെ നിങ്ങളോട് പറഞ്ഞില്ലേ, എന്റെ പക്കല്‍ ഉണ്ടായിരുന്ന വീട് ചിലർ തട്ടിയെടുത്തു എന്ന്. 10 വർഷമായി അഗരം എനിക്ക് നല്‍കിയ വിദ്യാഭ്യാസത്തിലൂടെ നിയമപരമായ മാർഗങ്ങള്‍ ഉപയോഗിച്ച് ഞാൻ എന്റെ വീട് തിരിച്ചെടുത്തു.
ഇന്നിപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഒരുകാലത്ത് ഞങ്ങള്‍ക്ക് വീട് ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ അമ്മ രണ്ട് വീടുകളുടെ ഉടമസ്ഥയാണ്. എന്തിനാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതെന്നും അവരെ വിവാഹം കഴിപ്പിച്ച് അയക്കേണ്ടതല്ലേ എന്നും ഈ പത്ത് വർഷത്തിനിടെ പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോഴും അങ്ങനെ പറയുന്നവരുണ്ടോ എന്ന് എനിക്കറിയില്ല. ഇനിയും അങ്ങനെ പറയുന്നവർ ഉണ്ടെങ്കില്‍ എനിക്ക് അവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ ‘പെണ്‍കുട്ടികള്‍ പഠിക്കട്ടെ...’’ ജയപ്രിയ പറഞ്ഞു. ജയപ്രിയയുടെ ഓരോ വാക്കുകളും ഏറെ അഭിമാനത്തോടെ കേട്ടിരിക്കുന്ന സൂര്യയുടെ കണ്ണുകള്‍ നിറയുകയും നൊമ്പരപ്പെടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വേദിയിലിരിക്കുന്ന സൂര്യ വികാരാധീനനാകുന്നതും കൈയടിക്കുന്നതും വീഡിയോയില്‍ നിറയുകയാണ്.
സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ 15 വര്‍ഷം പിന്നിട്ടപ്പോള്‍ ഇതുവരെ കൈത്താങ്ങായി 6700-ലധികം വിദ്യാര്‍ഥികളുടെ നിരവധി സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അഗരം ചിറകുനല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന 51 വിദ്യാര്‍ഥികള്‍ ഇന്ന് ഡോക്ടര്‍മാരാണ്, 1800-ലേറെ പേര്‍ എഞ്ചിനീയര്‍മാരാണ്. അഗരത്തിലൂടെ പഠനം പൂര്‍ത്തിയാക്കി ജോലി നേടിയ 60 ശതമാനത്തോളം പേരും പെണ്‍കുട്ടികളാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
‘‘പതിനഞ്ച് വര്‍ഷം മുന്‍പ് 160 കുട്ടികളുമായി ആരംഭിച്ച ഈ യാത്ര, ഇന്ന് 6000 വിദ്യാര്‍ഥികളിലേക്ക് എത്തിനില്‍ക്കുന്നു. തന്റെ 35-ാം വയസിലാണ് അഗരത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ശൃംഖല വരണമെന്നാണ് ആഗ്രഹിച്ചത്. അത് മനോഹരമായി ഇപ്പോള്‍ മുന്നോട്ടുപോകുന്നു....’’ എന്നാണ് സൂര്യ അഗരം ഫൗണ്ടേഷനെക്കുറിച്ച് പറഞ്ഞത്.
2006 സെപ്റ്റംബര്‍ 25നാണ് അഗരം ഫൗണ്ടേഷന്‍ രൂപീകരിച്ചത്. സ്വന്തമായി വിദ്യാഭ്യാസം നേടാന്‍ കഴിയില്ലെന്ന് കരുതിയ പലര്‍ക്കും ഒരു പുതിയ ജീവിതം നല്‍കിയത് അഗരം. ഫൗണ്ടേഷനാണ്. തമിഴ്‌നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് അഗരം ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യം.
ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക സഹായവും, മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്ന വിദൈ പദ്ധതിയും, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകളും അഗരത്തിന് കീഴില്‍ നടത്തുന്നുണ്ട്. അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികള്‍, സ്വന്തമായി വീടില്ലാത്തവര്‍, അനാഥര്‍ അങ്ങനെ പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരെ കണ്ടെത്തിയാണ് അഗരം അവര്‍ക്ക് പുതിയൊരു ജീവിതം നല്‍കുന്നത്.
വിദൂര ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നല്‍കുന്ന അഗരം ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ ‘നമ്മള്‍ പള്ളി’ തുടങ്ങിയവയും അഗരം ഫൗണ്ടേഷന്റെ ഭാഗമാണ്. ഐടി മേഖലയിലുള്ളവരും സ്‌കൂള്‍, കോളജ് അധ്യാപകരും അഗരം ഫൌണ്ടേഷനില്‍ വോളന്റിയര്‍മാരായി പാര്‍ടൈം ജോലി ചെയ്യുന്നുണ്ട്. ശമ്പളമില്ലാതെ സൗജന്യമായാണ് ഇവര്‍ അഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
നടന്‍ ശിവകുമാറിന്റേയും ലക്ഷ്മിയുടേയും മൂന്ന് മക്കളില്‍ ഒരുവനായി 1975 ജൂലൈ 23നാണ് സൂര്യയുടെ ജനനം. സിനിമാനടന്റെ മകനായി ജനിച്ച് അച്ഛനെക്കാള്‍ വളര്‍ന്ന രണ്ട് മക്കള്‍. രാമ-ലക്ഷ്മണന്മാര്‍ എന്ന പോലെ ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സൂര്യയുടെ നിഴലായി കാര്‍ത്തിയുമുണ്ട്. ഒപ്പം അന്നും ഇന്നും പ്രണയത്തോടെ സൂര്യ ജോ എന്ന് വിളിക്കുന്ന ജ്യോതികയും സൂര്യയ്ക്ക് കരുത്തായി എല്ലാത്തിനും ഒപ്പമുണ്ട്.