-->
മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം ഷാറുഖ് ഖാന്‍. നടന്റെ ആദ്യ ദേശീയ പുരസ്‌കാരം കൂടിയാണിത്. കിങ് സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തോളെല്ലിനു പരിക്കേറ്റ് ഷാറുഖ്, ആം സ്ലിങ് ബാഗ് ധരിച്ചാണ് ആരാധകര്‍ക്ക് നന്ദി അറിയിച്ചത്.
‘മികച്ച നടനുളള ദേശീയ പുരസ്‌കാരം നല്‍കി എന്നെ ആദരിച്ചതിന് നന്ദി. ജൂറിക്കും ഐ ആന്‍ഡ് ബി മന്ത്രാലയത്തിനും ഈ അവാര്‍ഡിന് ഞാന്‍ യോഗ്യനാണെന്ന് കരുതിയ എല്ലാവര്‍ക്കും നന്ദി. ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷത്തിലും, അഭിമാനത്തിലും വിനയാന്വിതനാണ്. ഈ പുരസ്‌കാരം ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ സുക്ഷിക്കും.
എന്റെ എല്ലാ എഴുത്തുകാര്‍ക്കും ,സംവിധായകര്‍ക്കും പ്രത്യേകിച്ച് 2023 ലെ എന്റെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജു സാറിനും സയീദിനും നന്ദി. പ്രത്യേകിച്ച് അറ്റ്‌ലീ സാറിനും അദ്ദേഹത്തിന്റെ ടീമിനും ജവാന്‍ എന്ന ചിത്രത്തില്‍ എനിക്കവസരം നല്‍കിയതിനും ഈ അവാര്‍ഡിന് ഞാന്‍ അര്‍ഹനാണെന്ന് വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചതിനും നന്ദി.
അറ്റ്‌ലീ സാര്‍ നിങ്ങള്‍ എപ്പോഴും പറയാറുളളത് പോലെ ഇതൊരു മാസ് ആണ്. എന്റെ മാനേജ്‌മെന്റിനും എന്നോടൊപ്പം അക്ഷീണം പ്രവര്‍ത്തിക്കുന്ന എന്റെ ടീമിനും ഞാന്‍ നന്ദി പറയുന്നു. എന്റെ ഭ്രാന്തുകളും അക്ഷമയും അവര്‍ സഹിക്കുകയും എനിക്ക് പൂര്‍ണ ശ്രദ്ധ നല്‍കുകയും, ഈ വീഡിയോയില്‍ പോലും എന്നെ യഥാര്‍ഥത്തില്‍ ഉളളതിനേക്കാള്‍ മികച്ചതായി തോന്നിപ്പിക്കുകയും ചെയ്യുന്നത് അവരാണ്. അവരുടെ സ്ഥിരോത്സാഹവും സ്‌നേഹവുമില്ലായിരുന്നെങ്കില്‍ ഈ അവാര്‍ഡ് ഒരിക്കലും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരുപാട് നന്ദി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് ഒരുപാട് സ്‌നേഹവും കരുതലും നല്‍കിയ എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും നന്ദി. ഞാന്‍ വീട്ടിലെ കുട്ടിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് അവര്‍ എന്നെ പരിചരിക്കുകയും എനിക്ക് ഏറ്റവും മികച്ചത് മാത്രം ആഗ്രഹിക്കുകയും ചെയ്യുന്നത്. സിനിമയോടുളള എന്റെ അഭിനിവേശം അവരില്‍ നിന്ന് എന്നെ അകറ്റുന്നുണ്ടെന്ന് അവര്‍ക്കറിയാം, പക്ഷേ അവരത് പുഞ്ചിരിയോടെ സഹിക്കുകയും എനിക്ക് സമയം അനുവദിക്കുകയും ചെയ്യുന്നു. അതിന് നിങ്ങള്‍ക്ക് ഒരുപാട് നന്ദി.
ഈ അവാര്‍ഡ് ഒരു നേട്ടം മാത്രമല്ല, ഞാന്‍ ചെയ്യുന്നത് പ്രാധാന്യമുളളതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇത് എന്നോട് മുന്നോട്ട് പോകാനും കഠിനാധ്വാനം ചെയ്യാനും പുതിയ കാര്യങ്ങള്‍ സൃഷ്ടിക്കാനും സിനിമയെ കൂടുതല്‍ ആവേശത്തോടെ സമീപിക്കാനും ഓര്‍മപ്പെടുത്തുന്നു. ഈ അവാര്‍ഡ് ഒരു അവസാനമല്ല മറിച്ച് കൂടുതല്‍ പരിശ്രമിക്കാനും പഠിക്കാനും തിരികെ നല്‍കാനുമുളള പ്രചോദനമാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെയെല്ലാം സ്‌നേഹം ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്.
ഇങ്ങനെയൊരു അഗഗീകാരം നല്‍കി എന്നെ ആദരിച്ച ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറയുന്നു. അവസാനമായി എന്റെ ആരാധകര്‍ക്ക്, നിങ്ങളുടെ എല്ലാ പ്രോത്സാഹനങ്ങള്‍ക്കും കണ്ണീരിനും നന്ദി. ഈ അവാര്‍ഡ് നിങ്ങള്‍ക്കുളളതാണ്. എന്റെ കൈകള്‍ വിരിച്ച് എന്റെ സ്‌നേഹം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നോക്കൂ എന്റെ കൈകള്‍ കെട്ടിവെച്ചിരിക്കുകയാണ്, ശരീരികമായി ചെറിയ അസ്വസ്ഥതകള്‍ എനിക്കിപ്പോഴുമുണ്ട്. പക്ഷേ വിഷമിക്കേണ്ട, പോപ്‌കോണ്‍ തയാറാക്കി വച്ചോളൂ ഞാന്‍ തിയറ്ററുകളിലും ഉടന്‍ സ്‌ക്രീനിലും തിരിച്ചെത്തും. അതുവരെ ഒരു കൈകൊണ്ട് നിങ്ങളെ കെട്ടിപ്പിടിക്കുന്നു’ ഷാറുഖ് പറഞ്ഞു.