-->
ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ഷാറൂഖ് ഖാന്‍. അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നാണ് ഷാരൂഖ് കുറിച്ചത്.
‘നിത്യശാന്തി നേരുന്നു ധരംജി. നിങ്ങള്‍ എനിക്ക് ഒരു പിതാവില്‍ കുറഞ്ഞവനല്ല. നിങ്ങള്‍ ചെയ്തതുപോലെ എന്നെ അനുഗ്രഹിച്ചതിനും സ്‌നേഹിച്ചതിനും നന്ദി. അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, ലോകമെമ്പാടുമുളള സിനിമയ്ക്കും സിനിമാ പ്രേമികള്‍ക്കും ആശ്വസിപ്പിക്കാനാവാത്തതും നികത്താനാവാത്തതുമായ നഷ്ടം. നിങ്ങള്‍ അമര്‍ത്യനാണ്. നിങ്ങളുടെ ആത്മാവ് നിങ്ങളുടെ സിനിമകളിലൂടെയും നിങ്ങളുടെ മനോഹരമായ കുടുംബത്തിലൂടെയും എന്നേക്കും ജീവിക്കും. എപ്പോഴും നിങ്ങളെ സ്‌നേഹിക്കുന്നു’ഷാരൂഖ് കുറിച്ചു.
ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖും ധര്‍മേന്ദ്രയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ‘ദീവാംഗി ദീവാംഗി ’എന്ന ഗാനരംഗത്തില്‍ അദ്ദേഹം അതിഥി വേഷത്തില്‍ എത്തിയിരുന്നു. കരണ്‍ ജോഹര്‍, കിയാര അദ്വാനി, ആലിയ ഭട്ട്, രജനികാന്ത്, അനുപം ഖേര്‍, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി താരങ്ങള്‍ ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയായിരുന്നു ധര്‍മേന്ദ്രയുടെ മരണം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒക്‌ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. 89 വയസ്സായിരുന്നു. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു തൊണ്ണൂറാം പിറന്നാള്‍.