-->
രാഷ്ട്രീയ പ്രവര്‍ത്തകനും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന കുടുംബമാണ്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം തങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയും വ്ലോഗുകളിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. അച്ഛന്റെ വഴിയേ മൂത്തമകള്‍ അഹാനയും മൂന്നാമത്തെ മകള്‍ ഇഷാനിയും സിനിമയിലെത്തിയിരുന്നു. മറ്റ് രണ്ടുപേരും സിന്ധുവും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കിടാറുണ്ട്.
വീട്ടിലെ കളിയും ചിരിയും വിശേഷങ്ങളും യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകരിലെത്തിക്കുന്ന കുടുംബത്തിന് ധാരാളം ആരാധകരുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സിന്ധു കൃഷ്ണകുമാര്‍ തന്റെ യാത്രാവിശേഷങ്ങളും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കിടുന്നത് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ്. താരപത്നി പങ്കിടാറുള്ള വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ സിന്ധു കൃഷ്ണകുമാര്‍ പങ്കിട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ഹൃദയഹാരിയായ ഒരു നിമിഷമാണ് സിന്ധു പങ്കുവച്ചത്. മക്കളില്‍ നാലാമത്തെയാളായ ഹൻസികയെ കുറിച്ചാണ് സിന്ധു പറയുന്നത്. ഹൻസിക തന്റെ ഹൃദയം തൊട്ടൊരു നിമിഷത്തെ കുറിച്ചാണ് തന്റെ വ്ളോഗില്‍ സിന്ധു കൃഷ്ണ പറയുന്നത്.
‘‘ഇന്നു രാവിലെ ഹൻസു കുട്ടി കോളേജില്‍ പോവാൻ ഇറങ്ങുകയായിരുന്നു. ഞാനിവിടെ നില്‍ക്കുന്നു. ഹൻസു ഇറങ്ങി, പിന്നെ തിരിച്ചു ഓടിവന്ന് എനിക്കൊരു ഹഗ്ഗ് തന്നിട്ട് വീണ്ടും പോയി. എന്നെ അത് വല്ലാതെ തൊട്ടു. അവള്‍ പോയി കഴിഞ്ഞപ്പോള്‍ ഞാൻ സിസിടിവി പ്ലേ ബാക്ക് ചെയ്ത് ആ വിഷ്വല്‍ എടുത്ത് വീണ്ടും വീണ്ടും കണ്ടു. എന്റെ ഹൃദയമങ്ങ് അലിഞ്ഞുപോയി. സത്യത്തില്‍, വീട്ടിലെ നാലു പിള്ളേരില്‍ ഇങ്ങനെ വന്ന് എനിക്ക് ഇടയ്ക്ക് ഹഗ്ഗ് തരുന്നത് ഹൻസിക മാത്രമാണ്.
എങ്ങോട്ടെങ്കിലും പോവാം നേരം തിരിച്ചോടി വന്ന് എന്നെ കെട്ടിപ്പിടിച്ചൊരു ഹഗ്ഗ് തരുന്നതും ഇപ്പോഴും ഹൻസിക മാത്രമാണ്. ചിലപ്പോള്‍ വീട്ടിലെ ചെറിയ കുട്ടിയായതു കൊണ്ടാവാം. 20 വയസ്സു കഴിഞ്ഞൊരു പെണ്‍കുട്ടി അങ്ങനെ ചെയ്യണമെന്നില്ല. എത്രകാലം കൂടി ഹൻസിക ഇങ്ങനെയൊക്കെ ചെയ്യുമെന്നും എനിക്കറിയില്ല. പക്ഷേ അതെന്നെ വല്ലാതെ ടച്ച് ചെയ്തു. ഭയങ്കര സന്തോഷം തോന്നുന്നു. ഹൻസു സാധാരണ എന്റെ വീഡിയോ കാണാറില്ല. ഹൻസൂ, നീ എപ്പോഴെങ്കിലും എന്റെയീ വീഡിയോ കാണുകയാണെങ്കില്‍ ഐ ലവ് യൂ സോ മച്ച്...’’ സിന്ധു പറയുന്നു.
തന്റെ പെണ്‍കുട്ടികളെ കുറിച്ച് തനിക്ക് എപ്പോഴും അഭിമാനമേയുള്ളൂ എന്നാണ് സിന്ധു കൃഷ്ണ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. ഇത്ര നല്ല രീതിയില്‍ ജീവിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും തന്റെ പെണ്‍കുട്ടികള്‍ക്കാണെന്നും, അതിന് അവരോട് വലിയ നന്ദിയുണ്ടെന്നും, തനിക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാൻ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നത് തന്റെ പെണ്‍കുട്ടികളാണെന്നും, അതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നുമാണ് അന്ന് സിന്ധു പറഞ്ഞത്.
സിന്ധു പങ്കിട്ട വീഡിയോയില്‍ തന്റെയും മകളുടെയും ഇമോഷണല്‍ നിമിഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. അല്‍പ്പം ഇമോഷണലായി തന്നെയാണ് സിന്ധു ഇക്കാര്യം ആരാധകരോട് പങ്കിടുന്നത്.