Saturday, March 14, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 11.22 AM

‘‘ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, ഞെട്ടിച്ച വേര്‍പാട്; തെറ്റായ വാർത്ത ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു...’’ കലാഭവന്‍ നവാസിന്റെ വേര്‍പാടില്‍ മല്ലിക സുകുമാരന്‍

കലാലോകത്തെ ഏറെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ രാത്രിയില്‍ കലാഭവന്‍ നവാസിന്റെ വേര്‍പാടിന്റെ വാര്‍ത്ത വന്നത്. ഇപ്പോഴിതാ ആ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് കുറിക്കുകയാണ് മല്ലിക സുകുമാരന്‍.
Mallika Sukumaran, Kalabhavan Navas demise
Mallika Sukumaran on Kalabhavan demise (Image Source: Facebook)

മലയാള സിനിമാപ്രേക്ഷകരെയും താരങ്ങളെയും ഞെട്ടിച്ചു കൊണ്ടാണ് പ്രിയ കലാകാരന്‍ കലാഭവന്‍ നവാസ് അകാലത്തില്‍ വേര്‍പ്പെട്ടത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കലാകേരളം. നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമെന്നാണ് വിവരം.
പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ജൂലായ്‌ 25 മുതല്‍ നവാസ്‌ ഇവിടെ താമസിച്ചു വരികയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് പൂർത്തിയായിരുന്നു. ലൊക്കേഷനില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് കണ്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേര്‍പാട് വിശ്വസിക്കാനാവാതെ തങ്ങളുടെ നൊമ്പരം സോഷ്യല്‍ മീഡിയയിലൂടെ പല സഹപ്രവര്‍ത്തകരും പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ മല്ലിക സുകുമാരന്‍ നവാസിന്റെ വേര്‍പാടിനെക്കുറിച്ചുള്ള തന്റെ സങ്കടം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുകയാണ്. പ്രകമ്പനം ഷൂട്ടിംഗില്‍ താന്‍ ഉണ്ടായിരുന്നെന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാര്‍ത്തയായിരുന്നെന്നും തെറ്റായ വാര്‍ത്ത ആയിരിക്കണേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചെന്നുമാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്.
‘‘ഉൾക്കൊള്ളാൻ കഴിയാത്ത, ഞെട്ടിച്ച, വാർത്ത....തെറ്റായ വാർത്ത ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു...കഴിഞ്ഞ ദിവസം,29 നു പ്രകമ്പനം ചിത്രത്തിന്റെ സെറ്റിൽ നിന്നും നവാസുമായി ഒന്നിച്ചുള്ള രംഗം ഷൂട്ട് കഴിഞ്ഞ് ഇറങ്ങുമ്പോൾ, പതിവ് ശൈലിയിൽ തമാശു പറഞ്ഞു ഞാൻ മടങ്ങുമ്പോഴും ‘എനിക്ക് രണ്ടു ദിവസം കൂടി ഷൂട്ട് ഉണ്ടെ’ന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കിയ മുഖമാണ് മനസ്സിൽ....ഒന്നും പറയാനോ എഴുതാനോ പറ്റുന്നില്ല...നിറകണ്ണുകളോടെ ആത്മശാന്തി നേരുന്നു....’’ എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചത്.

നടന്റെ അപ്രതീക്ഷിതമായ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് സിനിമാ ലോകവും പ്രേക്ഷകരും. തുടക്ക കാലത്ത് നവാസ് ചെയ്തതേറെയും കോമഡി റോളുകളായിരുന്നു. ശേഷം മിമിക്രിയില്‍ നിന്നും അഭിനയത്തില്‍ നിന്നും നവാസ് ഇടവേള എടുത്തിരുന്നു. പിന്നീട് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തി. സിനിമ മേഖലയില്‍ വലിയൊരു സൗഹൃദ വലയം കലാഭവൻ നവാസിനുണ്ട്. കലാഭവൻ അബി, ദിലീപ്, കലാഭവൻ മണി തുടങ്ങിയവരുടെ മിമിക്രി കാലഘട്ടത്തിലും സിനിമയിലെ തുടക്ക കാലഘട്ടത്തിലും കലാഭവൻ നവാസും ഇവർക്കൊപ്പം സ്ക്രീനില്‍ നിറഞ്ഞ് നിന്നിരുന്നു.
2002ല്‍ ആയിരുന്നു നടി രഹ്നയുമായുള്ള നവാസിന്റെ വിവാഹം. വിവാഹത്തോടെ രഹ്ന സിനിമ വിട്ട് കുടുംബിനിയായി മാറി. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. മൂത്തമകള്‍ നഹറിന്‍ നവാസ് മാതാപിതാക്കളുടെ വഴിയെ കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയിരുന്നു.
നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് നവാസിന്റെ പിതാവ്. അബൂബക്കറും മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ്. മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രം വാത്സല്യത്തില്‍ കുഞ്ഞമ്മാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അബൂബക്കറായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, ദ്വീപ്, കേളി, ആധാരം, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ദാദ, വാചാലം എന്നിവയാണ് അബൂബക്കര്‍ അഭിനയിച്ച മറ്റ് സിനിമകള്‍. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെടുന്ന ‌ടെലിവിഷൻ, ചലച്ചിത്ര താരമാണ്. നിയാസ് ബക്കറിനൊപ്പവും നവാസ് നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എത്തുന്നത്. പ്രകമ്പനം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞ മാസം അവസാനം മുതല്‍ നവാസ് ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിലുണ്ടായിരുന്നു. നവാസ് ഷൂട്ടിംഗ് ഇന്നലെ തീര്‍ത്ത് ചെക്ക് ഔട്ട് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഹോട്ടല്‍ മുറിയില്‍ ചെക്ക്‌ഔട്ട് വൈകിയതിനെത്തുടർന്ന് വിളിച്ചു നോക്കുകയും ഏറെ നേരം കഴിഞ്ഞിട്ടും നവാസിന്റെ മുറിയുടെ താക്കോല്‍ കിട്ടാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാരൻ റൂമിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി തുറക്കുമ്പോള്‍ നിലത്തു വീണ കിടക്കുന്ന നവാസിനെയാണ് ഹോട്ടല്‍ ജീവനക്കാര്‍ കണ്ടത്. ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്ന നവാസ് കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, മിസ്റ്റർ ആൻഡ് മിസ്സിസ്, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വണ്‍മാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW