Thursday, March 12, 2026 Last Updated 56 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.56 AM

‘അതിജീവിതയെന്ന് വിളിച്ച കുട്ടി പേരെഴുതി ഇന്ന​ലെ ഒരു പോസ്റ്റിട്ടിരുന്നു; അതിനു പിന്നാലെ ‘അമ്മ’യുടെ ഈ ആഘോഷം വേണ്ടായിരുന്നു...’രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിധിയ്ക്കെതിരെ രൂക്ഷ വിമർശനം കുറിച്ച് അതിജീവിത ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ അതിനു പിന്നാലെ ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ സംഘടന സംഘടിപ്പിച്ച ആഘോഷ​ത്തെ വിമര്‍ശിക്കുകയാണ് മല്ലിക സുകുമാരന്‍.
Mallika Sukumaran, Actress Attack Case
Mallika Sukumaran (Image Source: Instagram)

നടിയെ ആക്രമിച്ച കേസും അതിനു പിന്നാലെ വന്ന വിധിയുമാണ് ഇക്കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുന്നത്. ഗൂഢാലോചന കുറ്റം ചുമത്തി എട്ടാം പ്രതിയാക്കിയിരുന്ന നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതാണ് പലരെയും പ്രകോപിപ്പിക്കുന്നത്. ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാടുകള്‍ മലയാളത്തിലെ പ്രമുഖ താരങ്ങളുള്‍പ്പടെ പലരും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു.
കേസില്‍ കോടതിവിധി പ്രസ്താവിച്ചശേഷം ഇക്കഴിഞ്ഞ ദിവസം തന്റെ ആദ്യ പ്രതികരണം അതിജീവിത സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു. ആറ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അവര്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്നുള്ളത്, നിരന്തരമായി അനുഭവിച്ച വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷത്തിനുമൊടുവില്‍ താന്‍ തിരിച്ചറിഞ്ഞെന്നും അതിന് നന്ദിയെന്നുമാണ് അതിജീവിത തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ കുറിച്ചത്. ആ പോസ്റ്റ് പങ്കുവച്ചും സ്റ്റോറിയായി പങ്കിട്ടും ലൈക്കുകളും കമന്റുകളും നല്‍കിയും പലരും പിന്തുണ കുറിച്ചിരുന്നു.
ഇപ്പോഴിതാ അതിജീവിത പോസ്റ്റിട്ടതിനു പിന്നാലെ ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ സംഘടന സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ തുറന്ന നിലപാട് പങ്കിടുകയാണ് മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. നീതി ലഭ്യമായില്ലെന്ന അതിജീവിതയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍ട്ടി നടന്നത്. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്നാണ് മല്ലികാ സുകുമാരന്റെ പ്രതികരണം. ‘‘അമ്മ സംഘടനയുടെ പരിപാടി ഇന്നുള്ളത് തെറ്റായതാണ്. അമ്മ സംഘടന ഇന്ന് തിരുവനന്തപുരത്ത് ഒരു സ്വീകരണം നടത്തുന്നുവെന്ന് കേട്ടു. അത് ഇന്ന് ചെയ്തത് ശരിയായില്ല. എപ്പോള്‍ വേണമെങ്കിലും കൊടുക്കാമായിരുന്നു. പക്ഷെ ഇന്നലെ ഇന്നേവരെ നമ്മള്‍ അതിജീവിതയെന്ന് വിളിച്ച കുട്ടി പേരെഴുതി ഒരു പോസ്റ്റിട്ടിരുന്നു. അപ്പോള്‍ ഈ ആഘോഷം ഇന്ന് വേണ്ടായിരുന്നു.
നീതിയുടെ അഭാവത്തില്‍ ഒരു അതിജീവിത പോസ്റ്റ് വെച്ച കാലഘട്ടത്തിലാണ് ഇത് നടത്തിയത്. എപ്പോഴും ആഘോഷം നടത്താമായിരുന്നു, എന്നാല്‍ ഇന്ന് നടത്തേണ്ടതായിരുന്നില്ല...’’ മല്ലികാ സുകുമാരന്‍ പറഞ്ഞു. മല്ലിക സുകുമാരന്റെ ഈ വിമർശനം അതിജീവിതയുടെ നീതിസംബന്ധമായ പോസ്റ്റിനെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്ക് വിധിയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം. പലര്‍ക്കും ഈ വിധി നിരാശാജനകമായേക്കാം, പക്ഷെ അതിജീവിതയ്ക്ക് അതില്‍ അത്ഭുതമില്ലെന്നും 2020 അവസാനത്തില്‍ തന്നെ ചില അന്യായ നീക്കങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്നും അവർ വ്യക്തമാക്കുകയും ചെയ്തു. “നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും മാനസിക സംഘർഷങ്ങള്‍ക്കും ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നത്, നിയമത്തിന്റെ മുന്നില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്നത്. ഉയർന്ന നീതി ബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് എങ്കിലും വിശ്വാസം തുടരുന്നു...’’ എന്നാണ് അതിജീവിത കുറിച്ചത്.
അതിജീവിതയുടെ പോസ്റ്റിന് പിന്നാലെ നടി മഞ്ജു വാര്യരും പ്രതികരിക്കുകയും ചെയ്തിരുന്നു. മഞ്ജു വാര്യർ കോടതിയെ ആദരവോടെ കാണുന്നുണ്ടെങ്കിലും, ഈ കേസില്‍ നീതി പൂർണമായി നടപ്പിലായിട്ടില്ലെന്ന് വ്യക്തമാക്കി. “കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. കേസിന്റെ ആസൂത്രണം ചെയ്‌തവർ, അവരെ ആരായാലും അവർ ഇപ്പോഴും പുറത്ത് തന്നെ ഇരിക്കുകയാണ്. അവർ കൂടി ശിക്ഷിക്കപ്പെടേണ്ടതാണ്, അതുവരെ അതിജീവിതയ്ക്ക് നീതി പൂർണ്ണമാവുകയില്ല...’’ എന്നാണ് മഞ്ജുവാര്യര്‍ കുറിച്ചത്.
അതിജീവിതയുടെ പോസ്റ്റിന് മലയാള സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ് തുടങ്ങിയവര്‍ അവരുടെ പോസ്റ്റുകള്‍ റീഷെയർ ചെയ്ത് പിന്തുണയും അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. നടൻ പൃഥ്വിരാജും അതിജീവിതയുടെ കുറിപ്പ് റീഷെയർ ചെയ്തിരുന്നു, ഇതും സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കി.

Ads by Google
Tuesday 16 Dec 2025 08.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW