-->
ഇടുക്കി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലും മലയാളിക്കെതിരേ കേസ്. 22 വര്‍ഷമായി രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജ്ജിനെതിരേ രാജസ്ഥാന്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം, മതവിദ്വേഷം വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷപ്രചരണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പിന്നീട് ആറാം തിയ്യതി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ജെസിബിയുമായി പള്ളി പൊളിക്കാന്‍ എത്തിയെന്നും തോമസ് ജോര്‍ജ് പറയുന്നു. 22 വര്‍ഷമായി രാജസ്ഥാനില്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും ആരാധന നടക്കുമ്പോള്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പള്ളിക്കകത്തേക്ക് വരികയായിരുന്നെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ വിവരത്തില്‍ അദ്ദേഹം പറഞ്ഞു. ആദ്യം പ്രതിഷേധവുമായി എത്തിയ ഇവര്‍ പിന്നാലെ അഞ്ഞൂറോളം പേരുമായി സംഘടിച്ചെത്തി പ്രാര്‍ത്ഥനക്കിടെ പള്ളി പൊളിക്കാന്‍ ശ്രമം നടത്തി.
പോലീസിനെ വിളിച്ചതിനാല്‍ അവരെത്തി അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു. രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം ചെയ്ത് വരികയാണ് തോമസ് ജോര്‍ജ്. മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാനമായ മറ്റ് കേസുകളുടെയും വിവരങ്ങള്‍ പുറത്തുവരുന്നത്.