-->
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഭൂമി കൈയേറിയാണ് സി.പി.എം. സംസ്ഥാനസമിതി ഓഫീസായിരുന്ന എ.കെ.ജി. സെന്റര്‍ (ഇപ്പോള്‍ എ.കെ.ജി. പഠന, ഗവേഷണകേന്ദ്രം) നിര്‍മിച്ചതെന്ന ആരോപണത്തില്‍ നടപടിക്കൊരുങ്ങി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഭൂമി സര്‍വകലാശാല തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 'സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി' നല്‍കിയ നിവേദനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടി.
എ.കെ.ജിയുടെ പേരില്‍ പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ 1977-ലെ എ.കെ. ആന്റണി സര്‍ക്കാരാണ് 15 സെന്റ് ഭൂമി അനുവദിച്ചത്. പിന്നീടത് സി.പി.എം. സംസ്ഥാനസമിതി ആസ്ഥാനമായി. അനുവദിച്ചതു 15 സെന്റാണെങ്കിലും ഇപ്പോള്‍ സി.പി.എമ്മിന്റെ അധീനതയിലുള്ളത് നഗരമധ്യത്തിലെ 55 സെന്റ് ഭൂമിയാണ്. ഭൂമി അനുവദിച്ചതു സംബന്ധിച്ച ഫയല്‍ പിന്നീട് സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പില്‍നിന്നു കാണാതായി. ആര്‍ക്കൈവ്‌സ് ഡയറക്ടറുശട പരാതിപ്രകാരം പരിശോധന നടത്തിയെങ്കിലും ഫയല്‍ കണ്ടെത്താനായില്ല.
അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി പുറമ്പോക്കായാണ് വഞ്ചിയൂര്‍ വില്ലേജ് ഓഫീസ് രജിസ്റ്ററിലുള്ളത്. അതിനാല്‍ വസ്തുക്കരം സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തയാറായിട്ടില്ല. എന്നാല്‍ 1,03,396 രൂപ പ്രതിവര്‍ഷം തിരുവനന്തപുരം കോര്‍പറേഷനു കെട്ടിടനികുതി അടയ്ക്കുന്നുണ്ട്. പുറമ്പോക്ക് ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ചതും ടി.സി. നമ്പര്‍ അനുവദിച്ചതും നികുതി സ്വീകരിച്ചതും ഗുരുതരകൃത്യവിലോപമാണെന്നു പരാതിയില്‍ പറയുന്നു. എ.കെ.ജി. പഠന ഗവേഷണകേന്ദ്രത്തിനു സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് 1977-ല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാരാണ് അപേക്ഷ നല്‍കിയത്.
ഇതിനോടനുബന്ധിച്ചുള്ള ഭൂമി കൈയേറ്റം വെളിച്ചത്തുകൊണ്ടുവന്നതു കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പാണ്. 1992-ല്‍ ഡോ: ജെ.വി. വിളനിലം കേരള സര്‍വകലാശാല വി.സിയായിരിക്കേ സര്‍വകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് വ്യാജബിരുദമാരോപിച്ച് വിളനിലത്തിനെതിരേ എസ്.എഫ്.ഐ. സംസ്ഥാനവ്യാപകമായി പ്രക്ഷോഭം അഴിച്ചുവിട്ടത്.