Sunday, March 15, 2026 Last Updated 50 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 01.48 PM

‘ആദ്യം കയ്യോങ്ങിയ നിമിഷം മനസ്സിൽ കരുതുക, അടി വീഴാന്‍ വരെ കാക്കണ്ട; വിവാഹിതയാകും മുന്‍പ് പ്ലാന്‍ ബിയെക്കുറിച്ച് ചിന്തിക്കുക...’’ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ജുവല്‍മേരി

uploads/news/2025/08/794124/Untitled-6.jpg
Jewel Mary on Domestic Violence (Image Source: Instagram)

അവതാരകയായെത്തി അഭിനേത്രിയായും കൈയടി നേടിയെടുത്ത താരമാണ് ജുവല്‍ മേരി. സിനിമകളില്‍ അത്രകണ്ട് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് ജുവല്‍ മേരി. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ ജുവല്‍ മേരി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന, നഷ്ടപ്പെടുത്തുന്ന പെണ്‍കുട്ടികളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. വിവാഹം കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയണമെന്നും ടോക്സിക്കായ റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ടെന്നും നിയമപരിരക്ഷ ഉണ്ടെന്നും പറയുകയാണ് ജുവല്‍ മേരി.
‘‘കല്യാണം എന്നൊരു കാര്യം ചെയ്തത് കൊണ്ട് മാത്രം വ്യക്തികൾ അല്ലാതായി മാറുന്ന സ്ത്രീകളുണ്ട്. ആൾടെ ഭാര്യ...അവരുടെ മരുമോൾ.. ആൾടെ കുഞ്ഞിന്റെ ‘അമ്മ അല്ല മരണം വരെ നിങ്ങൾ എവിടെ ആണെങ്കിലും നിങ്ങളെ സംരക്ഷിക്കാൻ ഈ രാജ്യത്ത് ഒരു ജുഡീഷ്യറി ഉണ്ട്... ഇനി എങ്കിലും ഏറ്റവും നല്ല സാരി നല്ല മേയ്കപ് നല്ല വേദി... എല്ലാത്തിന്റേം ഒപ്പം... അല്ലങ്കിൽ എല്ലാത്തിനും മുകളിൽ .. ഈ വിവാഹ ബന്ധത്തിൽ എനിക്ക് അപകടമോ, പീഡനമോ, ഭീഷണിയോ ഉണ്ടെങ്കിൽ ഞാൻ എന്താണ് ചെയ്യണ്ടെന്ത്.... അത് പഠിച്ചിട് മാത്രം കല്യാണം കഴിക്കുക.. ഒരു പുസ്തകത്തിൽ പോകണ്ട വഴി .. വിളിക്കണ്ട നമ്പർ കുറിച്ചു വയ്ക്കുക... ആദ്യം കയ്യോങ്ങിയ നിമിഷം തന്നെ മനസ്സിൽ കരുതിയിരിക്കുക അടി വീഴാന്‍ വരെ കാക്കണ്ട... വിവാഹിതയാകുന്നതിന് മുമ്പ് നിങ്ങളുടെ പ്ലാന്‍ ബി പദ്ധതിയെക്കുറിച്ച് സമഗ്രമായി ചിന്തിക്കുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജുവല്‍ മേരി വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘ഒരു വിവാഹബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോകാനറിയാത്തതു കൊണ്ടു മാത്രം മരണപ്പെടുന്ന, ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെണ്‍കുട്ടിയുടെ പേരാണ് ഞാന്‍ വായിക്കുന്നത്, വിപഞ്ചിക, അതുല്യ, ഫസീല. അതിനും മുമ്പ് എനിക്ക് പേര് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത്ര അത്രയും ലിസ്റ്റുണ്ട് കണ്‍മുന്നില്‍...’ എന്ന് തുടങ്ങിയാണ് ജുവല്‍ മേരി ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സംസാരിക്കുന്നത്. നിയമം നല്‍കുന്ന പരിരക്ഷയെക്കുറിച്ചും വിവാഹം കഴിക്കും മുമ്പ് പ്ലാന്‍ ബിയെക്കുറിച്ച് മനസ്സില്‍ ആലോചിച്ചു വയ്ക്കണമെന്നതുമടക്കം താരം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സംഭവം കേരളമനസാക്ഷിയെ ഞെട്ടിച്ചപ്പോഴും ജുവല്‍മേരി തന്റെ അഭിപ്രായം ഫെയ്സ്ബുക്കിലൂടെ പങ്കിട്ടിരുന്നു. ഗാർഹിക പീഡനം നോർമലൈസ് ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യമാണ് അന്ന് താരം പറഞ്ഞത്.
ജുവല്‍ മേരിയുടെ വീഡിയോയ്ക്ക് താഴെയും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട് ‘ഏത് നിയമം കൂടെയുണ്ടെങ്കിലും. സ്വന്തം വീട്ടുകാർ സ്വീകരിക്കാൻ ഇല്ലെങ്കിൽ അതാകാം ഇത്ര മരണം കൂടിയത്, എങ്ങോട്ട് പോകാൻ... അച്ഛനും അമ്മയും ഭൂമിയിലില്ല... സഹോദരങ്ങൾ ക്ക്‌.. ബാധ്യത ആകാനോ,... മക്കളും ആയി.... ഭൂമിയിൽ ഒരു സെന്റ് സ്ഥലം ഇല്ല.... ഇതൊക്ക ആലോചിക്കുമ്പോൾ കടിച്ചു പിടിച്ചു നിൽക്കും..... പിന്നെ സഹിക്കാൻ കഴിയാതെ വരുമ്പോ ഇത് ചെയ്യും..... സങ്കടം ആണ്, ഒന്നല്ല രണ്ട് ജീവനാണെന്ന് പോലും ഓർക്കാതെ അങ്ങനെ ചെയ്തെങ്കിൽ ആ പെൺകുട്ടിക്ക് എത്രത്തോളം ജീവിതം മടിത്തിട്ടുണ്ടാവും...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW