-->
ഉപ്പും മുളകും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു കെപിഎസി രാജേന്ദ്രൻ. ആ പേരിനേക്കാളും പടവലം കുട്ടൻ പിള്ള എന്ന പേരാണ് പ്രേക്ഷകർക്ക് സുപരിചിതം. നിഷ സാരംഗ് അവതരിപ്പിച്ച നീലു എന്ന കഥാപാത്രത്തിന്റെ അച്ഛൻ വേഷമായിരുന്നു പരമ്പരയിൽ കെപിഎസി രാജേന്ദ്രൻ അവതരിപ്പിച്ചത്.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കെപിഎസി രാജേന്ദ്രൻ ഇന്നലെയാണ് മരണപ്പെട്ടത്. രാജേന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് ഉപ്പും മുളക് പരമ്പരയിൽ കേശുവിനെ അവതരിപ്പിക്കുന്ന അൽ സാബിത് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
'ഞങ്ങൾടെ അപ്പൂപ്പൻ പോയി," എന്നാണ് കണ്ണീരോടെ അൽ സാബിത് കുറിച്ചത്. ഉപ്പും മുളകും ലൊക്കേഷനിൽ നിന്നുള്ള ഒരു ഫയൽ ചിത്രവും അൽ സാബിത് പങ്കിട്ടിട്ടുണ്ട്.
നാടകരംഗത്ത് 50 വർഷത്തിന്റെ അനുഭവപരിചയമുള്ള രാജേന്ദ്രൻ ‘ഉപ്പും മുളകും’പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാവുന്നത്.
കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടക ട്രൂപ്പുകളിലെല്ലാം രാജേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. 'നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ ചിത്രങ്ങളിലും രാജേന്ദ്രൻ അഭിനയിച്ചു.