-->
റായ്പൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജാമ്യം തേടി സഭയും അഭിഭാഷകരും എന്‍ഐഎ കോടതിയെ സമീപിക്കാ നൊരുങ്ങുന്നു. ഇന്ന് കോടതിയില്‍ എത്തുമെന്നും എന്‍ഐഎ കോടതിയുടെ തീരുമാനം അനുസരിച്ച് ഹൈക്കോടതിയെ സമീപിക്കാനുമാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനമെന്നാണ് വിവരം. കന്യാസ്ത്രീകളുടെ കുടുംബവും സഭാ അധികൃതരും ഇപ്പോള്‍ റായ്പൂരിലുണ്ട്.
റായ്പൂര്‍ അതിരൂപതയിലെ സഭാ അധികൃതരും സഭ ഏര്‍പ്പെടുത്തിയ അഭിഭാഷകരുടെ സംഘവും കന്യാസ്ത്രീകളുടെ കുടുംബവും ചേര്‍ന്ന് നടത്തിയ ആലോചനയിലാണ് തല്‍ക്കാലം എന്‍ഐഎ കോടതിയെ തന്നെ സമീപിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ഹൈക്കോടതിയില്‍ എത്തിയാല്‍ ജാമ്യം കിട്ടാന്‍ കാലതാമസം എടുത്തേക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. വിചാരണാ നടപടികളും മറ്റും നേരിടേണ്ടി വരുന്നത് കന്യാസ്ത്രീകളുടെ ജാമ്യകാര്യം നീളാന്‍ ഇടയാക്കുമെന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം. റായ്പൂരിലെ ജയിലില്‍ കന്യാസ്ത്രീകളെ കാണാന്‍ കോണ്‍ഗ്രസ് എംപിമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നാലെ ഇടതു എംപിമാരും കന്യാസ്ത്രീകളെ കണാനായി എത്തും.
സെഷന്‍സ് കോടതിയിലേക്ക് തന്നെ പോകണോ എന്‍ഐഎ കോടതിയെ സമീപിക്കണോ ഹൈക്കോടതിയെ സമീപിക്കണോ എന്ന കാര്യത്തില്‍ കൂടിയാലോചിച്ച ശേഷമാണ് എന്‍ഐഎ കോടതിയില്‍ എത്താന്‍ തീരുമാനം എടുത്തത്. തുടര്‍ച്ചയായി ഏഴാംദിവസമാണ് കന്യാസ്ത്രീകള്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. എന്‍ഐഎ കോടതിയുടെ തീരുമാനം പ്രതികൂലമായാല്‍ മാത്രമായിരിക്കും ഹൈക്കോടതിയെ സമീപിക്കുക. സംഭവത്തില്‍ സഭകള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കത്തോലിക്കാ സഭ.
കേരളത്തിലെ എല്ലാ രൂപതകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കനാണ് നീക്കം. സഭാ സംഘടനകളും പ്രതിഷേധ പരിപാടിക്ക്. സംഭവം വിവാദമായതോടെ സഭാനേതൃത്വങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. നേരത്തേ വിഷയത്തില്‍ ഇടപെടാമെന്ന് ആഭ്യന്തമന്ത്രി അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും വിഷയത്തില്‍ ഇടപെടാനുള്ള നീക്കത്തിലാണെന്നും അറസ്റ്റിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും വിവരമുണ്ട്.