-->
കണ്ണൂര്‍ : ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിക്കുളളില്‍ രാസലഹരി . ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. പ്രവാസിയായ മിഥിലാജിന്റെ വീട്ടിൽ അയൽവാസിയായ ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത് . സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു .
നാളെയാണ് മിഥിലാജ് സൗദി അറേബ്യയിലേക്ക് പോകുന്നത് . പാക്കിംഗ് നടക്കുന്നതിനിടെ ഇന്നലെ രാത്രി വീട്ടിലെത്തിയ ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചു . മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്നയാൾക്ക് കൊടുക്കാനായിരുന്നു കുപ്പി . കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം . തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോൾ ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി .
വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു . പോലീസ് നടത്തിയ പരിശോധനയിൽ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത് 2. 6 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു . സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശികളായ കെ.പി .അര്‍ഷാദ് (31) , കെ.കെ. ശ്രീലാല്‍ (24) , പി ജിസിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു .
വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു . വിദേശത്തുളള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഈ അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ച് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയേനെ എന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.