Saturday, March 14, 2026 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 12.18 PM

അമ്മയായതുകൊണ്ട് ഗ്ലാമറസ് വേഷം ധരിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്, എന്നെ മാതൃകയാക്കേണ്ട; അനസൂയ ഭരദ്വാജ്

anasuya-bharadwaj
photo-www.instagram.com/itsme_anasuya/

തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി അനസൂയ ഭരദ്വാജ്. ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് അനസൂയ പറഞ്ഞു. തന്നെ ലക്ഷ്യം വെക്കുന്നതിന് പകരം വ്യത്യാസങ്ങളെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് നടി അഭ്യര്‍ഥിച്ചു. ആരും തന്നെ മാതൃകയാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തന്റെ ജീവിതം ജീവിക്കുന്നതിന് ആരും തന്നെ വിലയിരുത്തരുതെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം വ്യക്തമാക്കി.

ഈയിടെയായി താന്‍ നിശബ്ദമായിരിക്കാറാണ് പതിവെന്നും എന്നാല്‍ ഇതിനെതിരെ വ്യക്തമായും ദേഷ്യമില്ലാതെയും പ്രതികരിക്കണമെന്ന് തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് അനസൂയ കുറിപ്പ് ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ ചില വനിതാ പ്രഭാഷകര്‍ തന്നെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് അവരെ അറിയില്ലെന്നും, എന്നിട്ടും അവര്‍ വ്യക്തിപരമായി ആക്ഷേപിക്കാന്‍ മടിക്കുന്നില്ലെന്നും നടി പറഞ്ഞു.

അതെ ഞാനൊരു സ്ത്രീയാണ്, ഒരു ഭാര്യയാണ്, രണ്ട് കുട്ടികളുടെ അമ്മയുമാണ്. അതോടൊപ്പം എന്റെ വ്യക്തിപരമായ ശൈലി പ്രതിഫലിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ഗ്ലാമറും, സ്‌റ്റൈലും, ആത്മവിശ്വാസവും എപ്പോഴും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇത് ഒരമ്മയ്ക്ക് ചേര്‍ന്നതല്ലെന്ന് ചിലര്‍ വിശ്വസിക്കുന്നു, എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഒരമ്മയാകുക എന്നതിനര്‍ഥം നിങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം ഉപേക്ഷിക്കുക എന്നാണോ? അനസൂയ കുറിച്ചു.

തന്റെ കുടുംബം യാതൊരു വിമര്‍ശനവുമില്ലാതെ തന്നെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നും അവര്‍ എഴുതി. എന്റെ കുടുംബം എന്നെ വിലയിരുത്താറില്ല. അവര്‍ എന്നെ പിന്തുണയ്ക്കുന്നു. അതുതന്നെയാണ് ഏറ്റവും പ്രധാനം. ഈയൊരു തുറന്നുപറിച്ചില്‍ ചിലര്‍ക്ക് പരിചിതമായിരിക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. അതില്‍ തെറ്റൊന്നുമില്ല. എന്നിരുന്നാലും തിരഞ്ഞെടുപ്പുകളെ തെറ്റായ സ്വാധീനമായി തെറ്റിദ്ധരിക്കരുത്.

ആത്മവിശ്വാസമുളളവളും , ദയയുളളവളും, ബഹുമാനമുളളവളും, സ്വയം ലജ്ജിക്കാത്തവളുമായ ഒരു സ്ത്രീയായാണ് മക്കള്‍ തന്നെ കാണുന്നതെന്ന് അനസൂയ പറഞ്ഞു. ധൈര്യമായിരിക്കുന്നത് അനാദരവ് കാണിക്കുന്നതിന് തുല്യമല്ല. ഞാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് എന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നതിന് അര്‍ഥമാക്കുന്നില്ല അവര്‍ കൂട്ടിച്ചേര്‍ത്തു. ആരും തന്നെ മാതുകയാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തന്റെ ജീവിതം ജീവിക്കുന്നതിന് ആരും തന്നെ വിലയിരുത്തരുതെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

നമ്മുടെ വ്യത്യാസങ്ങളെ അംഗീകരിക്കാന്‍ പഠിച്ചാല്‍ നമുക്കെല്ലാവര്‍ക്കും കൂടുതല്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിയും. മറ്റുളളവരോടുളള ബഹുമാനം എപ്പോഴും നിലനിര്‍ത്തിക്കൊണ്ട് അഭിമാനത്തോടെയും സ്‌നേഹത്തോടെയും ഖേദമില്ലാതെയും ജീവിക്കുന്നത് തുടരും എന്നു പറഞ്ഞുകൊണ്ടാണ് അനസൂയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW