-->
നടി റാസിയോട് മാപ്പ് പറഞ്ഞ് നടി അനസൂയ ഭരദ്വാജ്. മൂന്ന് വര്‍ഷം മുമ്പ് താന്‍ അവതരിപ്പിച്ച വിവാദപരമായ ഒരു സ്‌കിറ്റ് സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും വൈറലായതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. റാസിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സ്‌കിറ്റിലുണ്ടായിരുന്നു. ഇതോടെ ബോഡി ഷെയ്മിങ് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച ആരംഭിച്ചു.
‘അത് ഒരു വലിയ തെറ്റായിരുന്നു ദയവായി എന്റെ ക്ഷമാപണം സ്വീകരിക്കുക. മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ അവതരിപ്പിച്ച സ്‌കിറ്റില്‍ നിങ്ങളുടെ പേര് തെറ്റായി ഉപയോഗിച്ചു. ഈ സ്‌കിറ്റ് എഴുതിയവരേയും സംവിധാനം ചെയ്തവരേയും ഞാന്‍ അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അന്ന് എനിക്ക് അതിനുളള ധൈര്യമുണ്ടായിരുന്നില്ല. ഇനി അത് തിരുത്താനും സാധിക്കില്ല.
@RaasiActress ma’am 🙏🏻 pic.twitter.com/DZLfUNp6rr— Anasuya Bharadwaj (@anusuyakhasba) January 5, 2026
ആളുകള്‍ മാറുകയും പരിണമിക്കുകയും ചെയ്യും. ഷോയിലെ ഡബിള്‍ മീനിങ് പരാമര്‍ശങ്ങളെ വിമര്‍ശിക്കുന്നതു മുതല്‍ ആ ഷോ വിടാന്‍ വരെ ഞാന്‍ തീരുമാനിച്ചു. സ്‌കിറ്റിനെറ സംവിധായകനും എഴുത്തുകാരനും നിങ്ങളോട് ക്ഷമ ചോദിച്ചില്ലെങ്കിലും എന്റെ തെറ്റ് ഏറ്റെടുത്ത് നിങ്ങളോട് മാപ്പ് പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്’ അനസൂയ എക്‌സില്‍ കുറിച്ചു.
മൂന്ന് വര്‍ഷം മുമ്പ് കൊമേഡിയന്‍ ആദി അവതരിപ്പിച്ച ഒരു സ്‌കിറ്റ് ആണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഈ സ്‌കിറ്റില്‍ അനസൂയയും ഭാഗമായിരുന്നു. ദ്വയാര്‍ഥം സൂചിപ്പിക്കുന്ന സംഭാഷണങ്ങളും അനസൂയയുടെ പ്രതികരണവും തന്നെ നിരാശയാക്കിയതായി റാസി നേരത്തെ പ്രതികരിച്ചിരുന്നു.