-->
നാട്ടിന്‍പുറത്ത് ജീവിച്ച് വളര്‍ന്ന് സെലിബ്രിറ്റിയായ ശേഷവും ആ മനസ്സിന് മാറ്റം വരുത്താത്ത അപൂര്‍വ്വം താരങ്ങളേ ഉണ്ടാവൂ. അക്കൂട്ടത്തില്‍ ഒരാളാണ് അനുശ്രീ. ഒരു ചെറിയ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്ന് ആ ചുറ്റുപാടില്‍ നിന്ന് മലയാള സിനിമയിലേക്കെത്തി ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനുശ്രീ. താരമായ ശേഷവും തന്റെ സുഹൃത്തുക്കള്‍ക്കും നാടിനുമൊപ്പം എല്ലാ ആഘോഷങ്ങളിലും ഒരു സാധാരണക്കാരിയായി അനുശ്രീ പങ്കെടുക്കാറുണ്ട്. അതിന്റെയൊക്കെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ അനുശ്രീയുടെ നല്ല മനസ്സിനു കൈയടിക്കുകയാണ് മലയാളികൾ. താരം ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം കിട്ടിയത് തനിക്കാണെന്ന് കരുതിയാണ് ആ വൃദ്ധന്‍ വേദിയിലെത്തിയത്. എന്നാല്‍ അബദ്ധം മനസിലായപ്പോള്‍ നിഷ്കളങ്കമായി തന്നെ നിരാശ നിറഞ്ഞ ചെറുചിരി സമ്മാനിച്ച് അയാള്‍ മടങ്ങി. അതുകണ്ട് നിന്ന അനുശ്രീക്ക് തന്റെ കണ്ണുനീര്‍ മറച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല.
വേദിയുടെ പിന്നിലേക്ക് മാറി പിന്തിരിഞ്ഞു നിന്ന് അനുശ്രീ കരയുന്നത് വീഡിയോയില്‍ കാണാം. അവസാനം നിരാശനായ വയോധികന് പിന്നീട് കടയുടമ സമ്മാനത്തിന് തുല്യമായ തുക പാരിതോഷികമായി നൽകി. അതിന്റെ നിറഞ്ഞ കൈയടി നല്‍കിയ അനുശ്രീ തന്റേതായൊരു സമ്മാനവും നല്‍കി. ‘‘ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല...’’ എന്നാണ് അനുശ്രീ പറഞ്ഞത്. അനുശ്രീയുടെ വാക്കുകള്‍ ഏറ്റെടുത്ത് പുകഴ്ത്തുകയാണ് ആരാധകര്‍.
ആലപ്പുഴ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പിൽ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീ ആയിരുന്നു. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പൺ നമ്പർ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോൾ തന്റെ നമ്പറിനാണ് സമ്മാനം എന്ന് കരുതി ഒരു വയോധികൻ വേദിയിലേക്കെത്തി. എന്നാൽ അദ്ദേഹത്തിനല്ല മറ്റൊരു നമ്പറിനാണ് സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ വയോധികൻ നിരാശയോടെ വേദി വിട്ടു. വേദിയിൽ അനുശ്രീ, ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ എന്നിവർ ഉണ്ടായിരുന്നു. നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെട്ടു. ‘ചേട്ടാ പതിനായിരം രൂപ തരാമോ ഞാൻ ജിപേ ചെയ്യാം, ആ അങ്കിളിനു കൊടുക്കാൻ ആണ്...’ എന്ന് അനുശ്രീ പറയുമ്പോൾ അത് ഞാൻ കൊടുത്തു എന്നാണു കടയുടമ പറയുന്നത്. ‘അല്ല എനിക്കും കൊടുക്കണം, ആ അങ്കിളിനു പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല’’ എന്ന് അനുശ്രീ പറഞ്ഞപ്പോൾ ‘വരൂ ഞാൻ തന്നേക്കാം...’ എന്ന് കടയുടമ പറയുന്നു. പിന്നീട് സ്ഥാപനം ഉടമ വയോധികനു പതിനായിരം രൂപ സമ്മാനം നൽകിയപ്പോൾ തന്റേതായ ഒരു സമ്മാനത്തുക അനുശ്രീയും അദ്ദേഹത്തിന് നൽകി.
വിഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ചും നല്ല മനസ്സിനെ പുകഴ്ത്തിയുമാണ് നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നത്. ‘ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജിൽ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ,അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓർത്തു കാണും, മനുഷ്യനായിട്ട് കാര്യമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം...’ എന്നതടക്കമാണ് കമന്റുകള്‍.