-->
തിരുവനന്തപുരം: കേരളത്തില്‍ കേക്കും ഉത്തരേന്ത്യയില്‍ കൈവിലങ്ങും മര്‍ദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് വിമര്‍ശിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്നും ചോദിച്ചു. ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതുന്ന 'നേര്‍വഴി' എന്ന പ്രതിവാര ലേഖനത്തിലാണ് വിമര്‍ശനം.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സിസ്റ്റര്‍മാരുടെ മോചനത്തിന് എന്തു ചെയ്‌തെന്നും ചോദിക്കുന്നു. ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കാന്‍ മന്ത്രിപ്പണി ലഭിച്ച ജോര്‍ജ് കുര്യന്‍ പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന പറഞ്ഞതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ളീങ്ങളേയും കമ്യുണിസ്റ്റുകാരേയും ക്രിസ്ത്യാനികളെയും ശത്രുക്കളായി കരുതുന്ന ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞുവച്ചതാണോ കുര്യന് നിയമമെന്നും ചോദിക്കുന്നു. ഈ മൂന്നു വിഭാഗങ്ങളുമുള്ള, സംഘപരിവാര്‍ ശക്തികള്‍ക്ക് ഇനിയും തകര്‍ക്കാന്‍ കഴിയാത്ത കോട്ടയാണ് കേരളമെന്നും അത് തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി വേറെന്നു പറയാനെന്നും ചോദിക്കുന്നു.
ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്ന, സ്റ്റാന്‍ സ്വാമിയെ വെള്ളംപോലും നല്‍കാതെ ജയിലറയിലിട്ട് കൊന്ന ഗുജറാത്തിലെ ദാംഗ്സിലും ഒഡിഷയിലെ കന്ദമലിലും ക്രൈസ്തവരെ വേട്ടയാടുകയും പള്ളികള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ അരമന കയറിയിറങ്ങുകയാണെന്നും വിമര്‍ിെക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈസ്റ്ററിന് സേക്രട്ട് ഹാര്‍ട്ട് പള്ളി സന്ദര്‍ശിക്കുകയും മരം നടുകയും ചെയ്തവരാണ് മോദിയും ജെപി നദ്ദയും. തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ തനിനിറം പുറത്തെടുത്തെന്നും വിമര്‍ശിക്കുന്നു.
വര്‍ഗീയ ധ്രുവീകരണത്തിന് എന്തും ചെയ്യാന്‍ മടിക്കാത്ത ശക്തികളാണ് സിസ്റ്റര്‍മാരെയും തുറുങ്കില്‍ അടച്ചിരിക്കുന്നതെന്നും ഛത്തീസ്ഗഡിലെ സിസ്റ്റര്‍മാരുടെ അറസ്റ്റും വേട്ടയാടലും സാധാരണ പ്രശ്നമല്ല, മറിച്ച് ഭരണഘടനയെത്തന്നെ തകര്‍ക്കുന്ന വിഷയമാണ്. മതനിരപേക്ഷത, ജനാധിപത്യം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങി ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ ആശയങ്ങള്‍ സംരക്ഷിക്കാന്‍ വലിയ പോരാട്ടം തന്നെ വേണ്ടിവരുമെന്ന സന്ദേശമാണ് ഛത്തീസ്ഗഡില്‍നിന്ന് ഉയരുന്നതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.