-->
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമെന്ന് പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ വേട്ടയാടാന്‍ വേണ്ടി നടത്തുന്ന ആസൂത്രിത നീക്കമാണ് പിന്നിലെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞു. ഉടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീങ്ങുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് വേടന്‍ പ്രതികരിച്ചിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറിയെന്നുമാണ് ആരോപണം. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി പരിചയപ്പെട്ടെന്നും ഒടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും 2023 ലാണ് തന്നെ ഒഴിവാക്കിയതെന്നും യുവതി നല്‍കിയ പരാതി പറയുന്നു.
യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ടോക്‌സിക് ആണ്, സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപണങ്ങള്‍ നടത്തിയാണ് ഒഴിവാക്കിയതെന്നും മൊഴിയിലുണ്ട്. അതേസമയം വേടനെതിരേ തുടര്‍ച്ചയായി കേസുകള്‍ വരികയാണ്.
ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചതിന് നേരത്തേ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യം കിട്ടിയതിന് പിന്നാലെ പുലിപ്പല്ല് കൈവശം വെച്ചതിനു വേടനെതിരെ വനംവകുപ്പ് കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലൈംഗികാതിക്രമത്തിനും കേസെടുത്തിരിക്കുന്നത്.