-->
ഭുവനേശ്വര്‍: പീഡനത്തിനു ശ്രമിച്ച അധ്യാപകനെതിരേ പരാതിപ്പെട്ട വിദ്യാര്‍ഥിനി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയുടെ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനാണ് ഒഡീഷയിലെ ബാലസോര്‍ ഫക്കീര്‍ മോഹന്‍ സ്വയംഭരണ കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് അറസ്റ്റിലായത്.
ഇതേ കോളജില്‍ ബി.എഡ്.കോഴ്‌സിനു ചേര്‍ന്ന വിദ്യാര്‍ഥിനിയാണു വകുപ്പു മേധാവി കൂടിയായ അധ്യാപകന്‍ സമീര്‍ കുമാര്‍ സാഹുവിന്റെ പീഡനത്തിനും ഭീഷണിക്കും ഇരയായത്. ഇക്കാര്യങ്ങള്‍ വിവരിച്ച് ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ഥിനി കഴിഞ്ഞ ഒന്നിനു കോളജിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്കു കത്തുനല്‍കി. പ്രഫസര്‍ സാഹു പലവട്ടം ലൈംഗികമായി ഉപദ്രവിച്ചെന്നും അക്കാദമികഭാവി തുലച്ചുകളയുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. മാസങ്ങളായി തുടരുന്ന പീഡനം വിവരിക്കുന്നതായിരുന്നു കത്ത്.
ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ ടാഗ് ചെയ്ത് കത്തിന്റെ പകര്‍പ്പ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴുദിവസത്തിനകം പ്രശ്‌നപരിഹാരം വാഗ്ദാനം ചെയ്‌തെങ്കിലും കോളജ് അധികൃതര്‍ പരാതിയില്‍ അടയിരുന്നു. 12 ദിവസത്തിനുശേഷം ഈ വിഷയത്തില്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തിനിടെ ഇരയായ പെണ്‍കുട്ടി കോളജ് കവാടത്തില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു.
വസ്ത്രത്തിലാകെ തീപടര്‍ന്ന് നിലവിളിയോടെ വിദ്യാര്‍ഥിനി കോളജ് വരാന്തയിലൂടെ ഓടുന്നതിന്റെയും മറ്റുള്ളവര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 95 ശതമാനം പൊള്ളലോടെ അതീവഗുരുതരാവസ്ഥയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എ.ഐ.ഐ.എം.എസ്) ല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലാണ് വിദ്യാര്‍ഥിനി.
ഇതിനുപിന്നാലെ അധികൃതര്‍ ഉണര്‍ന്നു. പ്രതിക്കൂട്ടിലുള്ള അധ്യാപകന്‍ സാഹുവിനെയാണ് ബാലസോര്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
പിന്നാലെ പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷിന്റെ അറസ്റ്റും രേഖപ്പെടുത്തി. ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഒഡീഷ ഉന്നത വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി. ജീവനൊടുക്കാന്‍ ശ്രമിച്ച ദിവസം വിദ്യാര്‍ഥിനി തന്നെ നേരില്‍ക്കണ്ടിരുന്നതായി പ്രിന്‍സിപ്പല്‍ നേരത്തെ സമ്മതിച്ചിരുന്നു.
അതിഭീകരമായ മാനസിക സമ്മര്‍ദത്തിലൂടെയാണു താന്‍ കടന്നുപോകുന്നതെന്നും അധ്യാപകനായ സാഹുവിനെ ഓഫീസിലേക്കു വിളിച്ചുവരുത്തണമെന്നും വിദ്യാര്‍ഥിനി ആവശ്യപ്പെട്ടെന്നും താന്‍ അപ്രകാരം ചെയ്‌തെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.
അതേസമയം, പ്രിന്‍സിപ്പലും ആഭ്യന്തര പരാതി പരിഹാര സമിതിയംഗങ്ങളും പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.