-->
മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ മേഖലയിലുണ്ടായ വന്‍ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി. റഷ്യയുടെ കുറില്‍ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരില്‍സ്‌കിന്റെ തീരപ്രദേശത്തും ജപ്പാനിലെ ഹൊക്കൈഡോയുടെ കിഴക്കന്‍ തീരത്തുള്ള നെമുറോയിലും ഉയര്‍ന്നതും ശക്തവുമായ തിരമാലകള്‍ ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് റഷ്യയിലെ കംചട്ക ഉപദ്വീപിലായിരുന്നു. പസഫിക് സമുദ്രത്തിലെ പെട്രോപാവ്‌ലോവ്‌സ് - കംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റര്‍ ഉയരമുള്ള സുനാമി തിരമാലകള്‍ ഹൊക്കൈഡോയുടെ കിഴക്കന്‍ തീരത്തുള്ള നെമുറോയില്‍ ആഞ്ഞടിച്ചു.
വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. സെവെറോ കുരില്‍സ്‌കിന്റെ തീരപ്രദേശത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചെങ്കിലും ആള്‍ക്കാരെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഹവായ്, ചിലി, ജപ്പാന്‍, സോളമന്‍ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് 1 മുതല്‍ 3 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളില്‍ 3 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജനങ്ങളെ സുരക്ഷിതരാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അലാസ്‌ക, ഹവായ്, ന്യൂസിലന്‍ഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു.