-->
ലോഹിതദാസ് ചിത്രമായ ‘നിവേദ്യ’ത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഭാമ. നാട്ടിൻപുറത്തുകാരി പെൺകുട്ടിയായി മലയാളത്തിലേയ്ക്ക് എത്തിയ താരം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. മലയാളത്തിലും കന്നഡയിലുമടക്കം നിരവധി സിനിമകളിൽ നായികയായി ഭാമ തിളങ്ങി. 2018 ല്‍ ഇറങ്ങിയ ‘ഖിലാഫത്ത്’ എന്ന ചിത്രത്തിലാണ് ഭാമ അവസാനം അഭിനയിച്ചത്.
വിവാഹം കഴിഞ്ഞ ശേഷം ഭാമ പിന്നെ സിനിമയിലേക്ക് തിരികെ എത്തിയില്ല. പകരം 'വാസുകി' എന്ന വസ്ത്ര ബ്രാൻഡുമായി ഏതാനും വർഷങ്ങൾക്ക് ശേഷം ഭാമ ഒരു സംരംഭകയായി മാറുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഭാമ തന്റെ പാട്ടിന്റെ വഴികളിലെ ആദ്യ ചുവടു വയ്പ്പിന്റെ സന്തോഷം പങ്കിടുകയാണ്. തന്റെ ആദ്യ കവര്‍ വേര്‍ഷന്‍ പങ്കിട്ടാണ് ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഏവര്‍ക്കും ഏറെയിഷ്ടമുള്ള ‘വെണ്ണിലാ ചന്ദനക്കിണ്ണം’ പാടിയാണ് ഭാമ തന്റെ സന്തോഷം പങ്കിടുന്നത്. ‘‘എന്റെ ആദ്യ കവർ ഇതാ... കാലാതീതമായ വെണ്ണില ചന്ദന കിണ്ണം, എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു ഗാനം. ഈ സ്വപ്നത്തിന് ഇത്ര മനോഹരമായി ജീവൻ നൽകിയതിന് എന്റെ പ്രിയപ്പെട്ട സുഹൃത്തും മികച്ച സംഗീത നിർമ്മാതാവുമായ ഗൗതം വിൻസെന്റിന് നന്ദി... ഇത് നിങ്ങളുടെ ഹൃദയങ്ങളെയും സ്പർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു...’’ എന്ന് കുറിച്ചാണ് ഭാമ വീഡിയോ പങ്കിട്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ യൂട്യൂബ് ലിങ്കും താരം പങ്കുവച്ചിട്ടുണ്ട്.