-->
തമിഴില്‍ അറിയപ്പെടുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനൊപ്പമുളള തന്റെ പുതിയ ചിത്രം കൂലിക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൂലി റിലീസിന് തയ്യാറെടുക്കവേ താന്‍ നായകനാവുന്ന പുതിയ സിനിമയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ലോകേഷ് കനകരാജ്. നേരത്തെ ഇതേക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ലോകേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ മില്ലര്‍ എന്ന ധനുഷ് ചിത്രമൊരുക്കിയ അരുണ്‍ മാതേശ്വരനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
റാം സാറിന്റെ പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് അരുണ്‍ തന്നോട് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചതെന്ന് ലോകേഷ് പറയുന്നു. അന്ന് താല്പര്യമുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഒരു ആക്ഷന്‍ സിനിമ പരീക്ഷിച്ചു നോക്കാന്‍ ആഗ്രഹമുണ്ടെന്ന് താന്‍ മറുപടി നല്‍കി. ആ സമയത്ത് അരുണ്‍ ധനുഷ് സാറിനൊപ്പം ഇളയരാജ സാറിന്റെ ബയോപിക്കിന്റെ ജോലികളിലായിരുന്നു. ചില കാരണങ്ങളാല്‍ ആ പ്രോജക്റ്റ് വൈകുന്നുണ്ടായിരുന്നു.
കൈതി 2 അനൗണ്‍സ് ചെയ്യുന്നതിനും ഏകദേശം എട്ട് മാസം മുന്‍പാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. അപ്പോള്‍, ഞാന്‍ അരുണിനെ വിളിച്ചു, അദ്ദേഹം കഥ പറഞ്ഞു. ഞങ്ങള്‍ ഒരു ടെസ്റ്റ് ലുക്ക് നടത്തി, അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു, ഒരഭിമുഖത്തില്‍ ലോകേഷ് വെളിപ്പെടുത്തി. ഗാങ്സ്റ്റര്‍ ചിത്രമാണ് ഇതെന്നും സിനിമയ്ക്കായി താന്‍ താടിയും മീശയും വളര്‍ത്തുകയാണെന്നും ഭാരം കുറയ്ക്കുന്നതായും ലോകേഷ് കൂട്ടിച്ചേര്‍ത്തു.