-->
അനുപം ഖേര്‍ ബോളിവുഡില്‍ തന്റെ യാത്ര തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. എന്നാല്‍ ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമായി വീടില്ല. റെന്റഡ് ഫ്‌ളാറ്റിലാണ് താമസം. പാരമ്പര്യമായി ലഭിച്ച സ്വത്ത് ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളില്ലാതെ, തന്റെ വിയോഗത്തിനു ശേഷവും കുടുംബം സമാധാനത്തിലും ഐക്യത്തിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറയുന്നു.
സ്വന്തമായി നിരവധി വീടുകള്‍ വാങ്ങാനുളള ശേഷി ഉണ്ടായിരുന്നിട്ടും വാടക വീട്ടില്‍ താമസിക്കാനുളള തന്റെ തീരുമാനത്തെക്കുറിച്ച് ദി പവര്‍ഫുള്‍ ഹ്യൂമന്‍സ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍, അയാള്‍ ഉപേക്ഷിച്ചുപോയ സ്വത്തുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രായമായ ആളുകളെ ഞാന്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്, അവരുടെ കഥകള്‍ വേദനാജനകമാണ്. ഒരാളെ അവരുടെ മകന്‍ പുറത്താക്കിയിരിക്കുന്നു... ഒരാളെ സ്വത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നു... ഇത്തരത്തിലുള്ള കാര്യങ്ങളും സംഭാഷണങ്ങളും എന്റെ വീട്ടില്‍ നടക്കാറില്ല' -അനുപം പറഞ്ഞു.
യഥാര്‍ഥ ജീവിതത്തില്‍ അച്ഛന്റെ വേഷം ചെയ്യാറില്ലെന്നും സിനിമകളില്‍ അത് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും മകന്റെ അടുത്തേക്ക് പോയി എങ്ങനെ ബിസിനസ്സ് നടത്തണമെന്ന് പറയാറില്ല. തന്റെ അച്ഛന്‍ ഒരിക്കലും തന്നോട് എന്തുചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം നല്‍കണമെന്നും അങ്ങനെ അവര്‍ സ്വന്തം തെറ്റുകളില്‍ നിന്ന് പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.