-->
പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ ആറന്മുള സ്‌റ്റേഷനിലെ പോക്‌സോ കേസിലെയും കോയിപ്രത്ത് പോലീസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസ് പ്രതിക്ക് മര്‍ദനമേറ്റ സംഭവത്തിലെയും അന്വേഷണം അട്ടിമറിക്കുകയും ക്രിമിനല്‍ കേസ് പ്രതിയായ അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്തത് അടക്കം നിരവധി വിവാദങ്ങളില്‍ അകപ്പെട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന് ഒടുവില്‍ സ്ഥലം മാറ്റം. എന്നാല്‍ ഉദ്യോഗക്കയറ്റത്തോടെയാണ് സ്‌ഥലംമാറ്റം. വിനോദ് കുമാര്‍ പോലീസ് ആസ്ഥാനത്ത് എ.ഐ.ജിയാകും. ക്രമസമാധാനപാലനച്ചുമതയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലാണ് നിയമിച്ചിട്ടുള്ളത്.
നിരവധി അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിനോദ്കുമാറിനെ സ്ഥലം മാറ്റണമെന്ന് ദക്ഷിണമേഖലാ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ആഭ്യന്തരവകുപ്പിന് നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി. ഉടനടി എസ്.പിയെ മാറ്റണമെന്നായിരുന്നു ഡി.ഐ.ജിയുടെ ശിപാര്‍ശ.
എന്നാല്‍, ഒരു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥലം മാറ്റം വൈകിപ്പിച്ചു. തന്നെ ഒറ്റയ്ക്ക് സ്ഥലം മാറ്റരുതെന്ന വിനോദ്കുമാറിന്റെ അപേക്ഷയെ തുടര്‍ന്നാണ് ഇപ്പോള്‍ മറ്റു ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സ്ഥലം മാറ്റപ്പട്ടിക പുറത്തു വന്നിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി ആയിട്ടാണ് നിയമനം. മംഗളം ദിനപത്രം പുറത്തു വിട്ട വാര്‍ത്തകളാണ് എസ്.പിയ്‌ക്കെതിരായ നടപടിയില്‍ കലാശിച്ചത്.
കഴിഞ്ഞ മേയ് 20 ന് പ്രസിദ്ധീകരിച്ച കോയിപ്രം കസ്റ്റഡി മര്‍ദന വാര്‍ത്തയാണ് എസ്.പിയുടെ വിവാദ ഇടപെടലുകള്‍ തുറന്നു കാട്ടിത്തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് 16 ന് കോയിപ്രം എസ്.എച്ച്.ഓയുടെ നേതൃത്വത്തില്‍ കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്ത വരയന്നൂര്‍ സ്വദേശി സുരേഷിനാണ് കസ്റ്റഡിയില്‍ മര്‍ദനമേറ്റത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് സുരേഷിനെ മര്‍ദിച്ചത് എന്നു പറയുന്നു. രണ്ടു തവണ ഇയാളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി.
ക്രൂരമര്‍ദനമേറ്റ് നാലു വാരിയെല്ലുകള്‍ തകര്‍ന്ന സുരേഷിനെ മാര്‍ച്ച് 22 ന് കോന്നി ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ ക്രൂരമര്‍ദനം ശ്രദ്ധയില്‍പ്പെട്ട കോന്നി എസ്.എച്ച്.ഓ പോലീസ് മര്‍ദനമെന്ന് കണ്ടെത്തി നല്‍കിയ റിപ്പോര്‍ട്ട് എസ്.പി പൂഴ്ത്തി വച്ചു. ഇതാണ് മംഗളം വാര്‍ത്തയാക്കിയത്.
വിവാദമായതിനെ തുടര്‍ന്ന് ആദ്യം ഇതു സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി. അവിടെയും എസ്.പി അട്ടിമറിക്ക് ശ്രമിച്ചതോടെ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ആറന്മുള പോക്‌സോ കേസ് അട്ടിമറിയുടെ ഉള്ളറക്കഥകളും മംഗളമാണ് പുറത്തു വിട്ടത്.
ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസില്‍ വന്‍ അട്ടിമറിയാണ് പോലീസ് നടത്തിയത്.
എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറി വ്യക്തമാണെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ വേണ്ടി ഇദ്ദേഹം ആദ്യം കോന്നി ഡിവൈ.എസ്.പി, എസ്.എച്ച്.ഓ എന്നിവര്‍ക്കെതിരേ റിപ്പോര്‍ട്ട് നല്‍കി സസ്‌പെന്‍ഡ് ചെയ്യിച്ചു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനെതിരേയും നടപടി എടുപ്പിച്ചു. യഥാര്‍ഥ വിവരങ്ങള്‍ മംഗളം തുറന്നു കാട്ടിയതോടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു.
റൗഡി ഹിസ്റ്ററി ഷീറ്റുളള, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിഭാഷകനെ കരിക്കിനേത്ത് കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാനുള്ള എസ്.പിയുടെ ശ്രമത്തിനെതിരേ ആലപ്പുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബു പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ അന്വേഷണം നടക്കുകയാണ്.
പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാതെ പരാതിയും മറ്റു വിവരങ്ങളും പ്രതിയെ വിളിച്ച് അറിയിച്ച വനിത പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ഷെമിമോള്‍ക്ക് എതിരേ അതിജീവിതയുടെ പിതാവ് നല്‍കിയ പരാതി എസ്.പി പൂഴ്ത്തി. ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി വെട്ടിലായി.
എന്നാല്‍, എസ്.ഐയെ രക്ഷിക്കാനുളള എസ്.പിയുടെ ശ്രമം പരാജയപ്പെട്ടു. ഷെമിമോള്‍ക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അതിജീവിതയുടെ പിതാവ് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ വേറെയും അന്വേഷണം നടക്കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്റെ ആത്മഹത്യയ്ക്കും എസ്.പി കാരണമായതായി പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.
ഇതെല്ലാം വിനോദ്കുമാറിന്റെ സ്ഥലം മാറ്റത്തിന് കാരണമായി. വി.ഐ.പി സുരക്ഷയ്ക്കായുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് വി.ഐ.പി സെക്യൂരിറ്റി ചുമതലയിലായിരുന്ന ആര്‍. ആനന്ദാണ് പുതിയ എസ്.പി. ഡിണ്ടിഗല്‍ സ്വദേശിയായ ആനന്ദ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. നേരത്തെ വയനാട് ജില്ല പോലീസ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി ബറ്റാലിയന്‍ രണ്ടിന്റെ ചുമതലയിലിരിക്കുമ്പോള്‍ കാമ്പസ് ഹരിതാഭമാക്കാന്‍ തൈങ്ങിന്‍ തൈകളും 1500 ഫലവൃക്ഷങ്ങളും നട്ട് പരിപാലിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പോലീസ് ആസ്ഥാനത്ത് എ.ഐ.ജിയായി പ്രവര്‍ത്തിക്കുമ്പോള്‍ വിവിധ ഫണ്ടുകളുടെ കൃത്യമായ വിനിയോഗത്തിനും പ്രശംസ നേടിയിരുന്നു.