-->
സോഷ്യല്‍മീഡിയയിലൂടെയായി സുപരിചിതയായി മാറിയ ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ടിസ്റ്റാണ് സീമ വിനീത്. കഴിഞ്ഞ മാസമായിരുന്നു സീമ വിനീതിന്റെ വിവാഹം.നിശാന്ത് ആണ് സീമയുടെ ജീവിതപങ്കാളി. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീമ വിനീത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സീമ വിനീത് ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഭര്‍ത്താവ് നിശാന്തും ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം ആയാണ് വിവാഹം കഴിച്ച മുഹൂര്‍ത്തത്തെ തോന്നിയതെന്ന് വീഡിയോയില്‍ സീമ വിനീത് പറഞ്ഞു.
ഇരുവരുടെയും വാക്കുകള്‍.....
''സീമ ട്രാന്‍സ്വുമണ്‍ ആണെന്ന് അറിയാമായിരുന്നു. പിന്നെ ഇഷ്ടമല്ലേ. അത് ആരോടും തോന്നാമല്ലോ. വിവാഹക്കാര്യം ആദ്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നു. എന്റെ വേണ്ടപ്പെട്ടവരോടാണ് ആദ്യം പറഞ്ഞത്. അവര്‍ ആദ്യം സ്വാഭാവികമായും എതിര്‍ത്തു. പിന്നെ എന്റെ അഭിപ്രായവും ഇഷ്ടവും നോക്കി. അവര്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് വാല്യു തരുന്നവരാണ്. ആദ്യം എതിര്‍ത്തവരും പിന്നീട് അനുകൂലിച്ചു.'', നിശാന്ത് പറഞ്ഞു.
''വേറൊരു വീട്ടിലേക്ക് ചെന്ന് കയറുമ്പോള്‍ അവര്‍ നമ്മളോട് എങ്ങനെയാണ് സംസാരിക്കുക എന്നെല്ലാം ആദ്യം വിചാരിച്ചിരുന്നു. ചിലപ്പോള്‍ അവര്‍ നിന്നെ തുറിച്ച് നോക്കുമായിരിക്കും എന്നെല്ലാം എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. എല്ലാവരും എന്നോട് നന്നായിട്ടാണ് പെരുമാറുന്നത്. ഭര്‍ത്താവിന്റെ വീട്ടിലും എന്റെ വീട്ടിലുമായിട്ടായിരിക്കും ഇനി നില്‍ക്കുക'', സീമ കൂട്ടിച്ചേര്‍ത്തു.