Saturday, March 14, 2026 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 12.25 PM

അഴികള്‍ക്കിടയിലൂടെ കടക്കാന്‍ തടികുറച്ചു ; ഉപ്പുവെച്ച് കമ്പികള്‍ ദ്രവിപ്പിച്ചു മുറിച്ചുമാറ്റി ; തടവുചാട്ടത്തിന് ഗോവിന്ദചാമി ചെയ്തത് ഞെട്ടിക്കുന്ന പ്ലാനിംഗ്

uploads/news/2025/07/792890/govinda11.jpg

കണ്ണൂര്‍: കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ചാട്ടം വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ വിവാദമായി മാറുമെന്ന് ഉറപ്പായി. ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഗോവിന്ദചാമി ജയില്‍ചാട്ടം നടപ്പാക്കിയതെന്നാണ് സൂചനകളാണ് പുറത്തുവരുന്നത്. ജയില്‍ ചാട്ടത്തിനായി അഴികള്‍ക്കിടയിലൂടെ പുറത്തുപോകുന്നതിനായി തന്റെ ശരീരഭാരം കുറയ്ക്കുന്നതും ജയില്‍ അഴികള്‍ അറുത്തുമാറ്റുന്നതും ഉള്‍പ്പെടെ നീണ്ട പ്രവര്‍ത്തനങ്ങള്‍ ഗോവിന്ദചാമി നടപ്പിലാക്കിയെന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്.

കൊടുംകുറ്റവാളികളെയും മാനസീക പ്രശ്‌നം ഉള്ളവരെയും പാര്‍പ്പിക്കുന്ന അതീവ സുരക്ഷയുള്ള പത്താം ബ്‌ളോക്കിലാണ് ഗോവിന്ദചാമി അടക്കമുള്ള കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസമായി മാനസീകനില തെറ്റിയെന്ന നിലയിലായിരുന്നു ഗോവിന്ദചാമിയുടെ പെരുമാറ്റമെന്നാണ് ജയില്‍ വാര്‍ഡര്‍മാര്‍ നല്‍കിയിരുന്ന റിപ്പോര്‍ട്ട്. ഇദ്ദേഹം തന്റെ വിസര്‍ജ്ജ്യം പോലീസുകാര്‍ക്ക് നേരെ എറിയുന്ന തരം പ്രവര്‍ത്തികള്‍ ജയിലില്‍ ചെയ്തിരുന്നു. ഇതെല്ലാം നാളുകളായി ജയില്‍ ചാട്ടത്തിനായി ഗോവിന്ദചാമി എടുത്തിരുന്ന തയ്യാറെടുപ്പുകളാണെന്നാണ് കരുതുന്നത്. പത്താംബ്‌ളോക്കിലെ സെല്ലില്‍ വെളിച്ചമില്ലാത്ത അവസ്ഥയടക്കം എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ ഗോവിന്ദചാമി നിരീക്ഷിച്ചിരുന്നു.

ഏതാനും ദിവസങ്ങളായി ഗോവിന്ദചാമി ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. നേരത്തേ ബിരിയാണിക്ക് വേണ്ടി വാശിപിടിച്ചിരുന്ന ഗോവിന്ദചാമി കുറേനാളായി ചോറ് കഴിപ്പ് നിര്‍ത്തിയിരുന്നു. പകരം ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നത്. ഉച്ചയ്ക്ക് നല്‍കുന്ന ചോറ് കുറ്റവാളികള്‍ മുഴുവന്‍ കഴിക്കണമെന്നാണ് ജയില്‍ചട്ടം. ഈ പ്രശ്‌നം മറികടക്കാന്‍ തനിക്ക് ചോറ് വേണ്ടെന്ന് ജയില്‍ ഡോക്ടറില്‍ നിന്നും ഇയാള്‍ പ്രത്യേക കുറിപ്പ് വാങ്ങിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ഭക്ഷണം ചപ്പാത്തി മാത്രമാക്കിയിരുന്നു. ഏതാനും മാസങ്ങള്‍ ചപ്പാത്തി കഴിച്ചതിനെ തുടര്‍ന്ന് ഗോവിന്ദചാമിയുടെ ഭാരം നന്നായി കുറയുകയും ചെയ്തു. തന്റെ സെല്ലിലെ കമ്പി മുറിച്ചായിരുന്നു ഗോവിന്ദചാമി പുറത്ത് വന്നത്.

കമ്പി മുറിക്കാനായി ഇയാള്‍ ഒരു ഹാക്‌സോ ബ്‌ളേഡിന്റെ ഭാഗവും സംഘടിപ്പിച്ചു. കമ്പി എളുപ്പം തുരുമ്പിക്കാനായി ഇയാള്‍ ഉപ്പും ഉപയോഗിച്ചതായി സംശയമുണ്ട്. പുറത്ത് നിന്നും നോക്കിയാല്‍ മനസ്സിലാകാത്ത വിധവും എളുപ്പം അടര്‍ത്തിയെടുക്കാവുന്ന രീതിയിലുമാണ് ജനാലക്കമ്പികള്‍ ഇയാള്‍ മുറിച്ചുവെച്ചിരുന്നത്. മുറിച്ച വശത്ത് കൂടി പുറത്തിറങ്ങാന്‍ ഇയാള്‍ പരിശീലനവും നടത്തിയിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പുലര്‍ച്ചെ 1.10 ന് പാറാവുകാര്‍ ടോര്‍്ച്ചടിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുതച്ചുമൂടി കിടക്കുന്നത് കണ്ടിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഒന്നേകാലോടെ സെല്ലില്‍ നിന്നും പുറത്തിറങ്ങിയിരിക്കാമെന്നും കരുതുന്നു. അതിന് ശേഷം രണ്ടു ഡ്രമ്മുകള്‍ ഉപയോഗിച്ച് മതില്‍ ചാടിക്കടന്ന ശേഷം അലക്കാന്‍ ഇട്ടിരുന്ന തുണിയില്‍ നിന്നും നേരത്തേ മോഷ്ടിച്ചുവെച്ച ഷീറ്റുകള്‍ കൂട്ടിക്കെട്ടി ഫെന്‍സിംഗില്‍ എറിഞ്ഞുകുടുക്കി വലിഞ്ഞു കയറി മതില്‍ ചാടുകയായിരുന്നും. എല്ലാം ഒറ്റക്കൈയ്യിലുമാണ് ചെയ്തത്. സിസിടിവി ഇല്ലാത്തതും വെളിച്ചമില്ലാത്തതുമായ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിലയിരുത്തലുകള്‍ നടത്തിയും വലിയ പ്ലാനിംഗ് നടത്തിയാണ് ജയില്‍ ചാടിയത്. എന്നാല്‍ മാസങ്ങള്‍ നീണ്ട ഈ തയ്യാറെടുപ്പ് ജയില്‍ അധികൃതര്‍ എന്തുകൊണ്ട് കാണാതെ പോയി എന്നതാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന പ്രശ്‌നം.

Ads by Google
Ads by Google
TRENDING NOW