-->
ഷാർജ: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ ഫോറൻസിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഇത് അനുസരിച്ചാകും ഷാർജ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക. നേരത്തെ അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരി അഖില ഷാർജ പൊലിസിൽ പരാതി നൽകിയിരുന്നു.
അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളും ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഭർത്താവ് സതീഷ് സമ്മതിച്ചില്ലെങ്കിൽ സഹോദരി അഖിലക്ക് പവർ ഓഫ് അറ്റോർണി നൽകി മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.
അതെ സമയം, നാട്ടിൽ മാതാപിതാക്കൾ നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. തെക്കുംഭാഗം സി ഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഈ കേസ് അന്വേഷിക്കന്നത് .
ഈ മാസം 19 നാണ് അതുല്യയെ ഫ്ലാറ്റിൽ നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭർത്താവിൽ നിന്നുണ്ടായ ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും ഫോണിലൂടെ അതുല്യ അറിയിച്ചിരുന്നു.