Friday, March 13, 2026 Last Updated 12 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 02.57 PM

കുടുംബജീവിതം നശിപ്പിച്ചത് സുചിത്ര നായരാണെന്ന് ആദിത്യന്റെ ഭാര്യ രോണു; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട, കാലം നിരപരാധിത്വം തെളിയിക്കുമെന്ന് സുചിത്ര

ജനപ്രിയ പരമ്പരകള്‍ സംവിധാനം ചെയ്ത് പ്രേക്ഷകമനസ്സ് കീഴടക്കിയ സംവിധായകനായ ആദിത്യന്റെ വേര്‍പാട് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടറിഞ്ഞത്. ഇപ്പോഴിതാ തന്റെ കുടുംബജീവിതം നശിപ്പിച്ചത് സുചിത്ര നായരാണെന്ന് പറയുകയാണ് ആദിത്യന്റെ ഭാര്യ രോണു.
Suchitra Nair, Adithyan, Ronu Chandran
Ronu Chandran about suchithra nair (Image Source: Youtube)

മലയാള കുടുംബപ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല പരമ്പരകള്‍ സമ്മാനിച്ച സീരിയല്‍ സംവിധായകനായിരുന്നു ആദിത്യന്‍. സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ ജനപ്രിയ ഹിറ്റ് പരമ്പരകളിലൂടെയാണ് ആദിത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. രണ്ട് വര്‍ഷം മുമ്പാണ് സീരിയല്‍ ലോകത്തെയും പ്രേക്ഷകരെയും ഏറെ നൊമ്പരപ്പെടുത്തിക്കൊണ്ട് സംവിധായകന്‍ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അതിനു ശേഷം ആ കുടുംബത്തിന്റെയും മക്കളുടെയും മുഴുവന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ജീവിതം ഒരുവിധം കരയ്ക്കു കയറ്റാന്‍ ശ്രമിക്കുകയാണ് ആദിത്യന്റെ ഭാര്യ രോണു ചന്ദ്രന്‍.
അടുത്തിടെ ഫെയ്സ്ബുക്ക് പേജിലെ ചില തുറന്നെഴുത്തുകളിലൂടെ രോണു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും 49 ലക്ഷത്തിന്റെ കടബാധ്യത ഉള്ളതായും ആരും സഹായിക്കാറില്ലെന്നും മക്കള്‍ ആരുടെയും മുന്നില്‍ സഹായത്തിനായി പോകില്ലെന്നും രോണു കുറിച്ചിരുന്നു.
ഇപ്പോഴിതാ അതിനു പിന്നാലെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു തുറന്നു പറച്ചില്‍ നടത്തുകയാണ് രോണു. ആദിത്യന്റെ ചില സൗഹൃദങ്ങൾ തനിക്ക് പാരയായിട്ടുണ്ടെന്നും ആദിത്യന്റെയും തന്റെയും ജീവിതം തകരാൻ കാരണം ബിഗ് ബോസ് താരമായ സുചിത്ര നായരാണെന്നും, സുചിത്ര തന്റെ കുടുംബജീവിതം നശിപ്പിച്ചുവെന്നുമാണ് രോണു വെളിപ്പെടുത്തിയത്.
‘‘വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വളരെ സന്തോഷമായിരുന്നു. പിന്നീട് ഭാര്യയുടേയും ഭർത്താവിന്റേയും ഇടയിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകളും പിണക്കങ്ങളും ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ വന്നു. എല്ലാവർക്കും അറിയാം, ബിഗ് ബോസ് താരം കൂടിയായിരുന്നു അവർ, സുചിത്ര നായർ. വാനമ്പാടി സീരിയലിലെ നായികയായിരുന്നു അവർ.
ആ സ്ത്രീ ജീവിതത്തിലേക്ക് വന്നതോടെയാണ് പല പ്രശ്നങ്ങളും ഉണ്ടായത്. സുചിത്രയുമായുള്ള ആ സൗഹൃദം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ ഞങ്ങൾ വഴക്കു തുടങ്ങി. തർക്കത്തിന്റെ പേരിൽ കുറച്ച്‌ കാലം ചേട്ടന് അടുത്ത് നിന്ന് മാറി നിന്നു. ഒടുവില്‍ ലൊക്കേഷനില്‍ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായി. അന്ന് സാന്ത്വനം സീരിയല്‍ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. ഞാൻ പ്രശ്നക്കാരിയായി മാറി, എന്നെ ആളുകള്‍ പ്രശ്നക്കാരിയായി തെറ്റിദ്ധരിച്ചു.
ഈ ഫീൽഡിൽ തന്നെയുള്ള ചിലരുണ്ട്, ചേട്ടന്റെ സൗഹൃദങ്ങൾ. അവരുമായി അദ്ദേഹം കുടുംബ പ്രശ്നങ്ങൾ പങ്കിട്ടിരുന്നു. ചേട്ടന്റെ കൂട്ടുകാർ ഭർത്താവിനെ ടോർച്ചർ ചെയ്യുന്ന ഭാര്യ എന്ന നിലയിൽ എന്നെ കാണാൻ കാരണമായി. കുടുംബപ്രശ്നങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കെയാണ് അദ്ദേഹത്തിന്റെ മരണവും സംഭവിച്ചത്...’’ രോണു പറഞ്ഞു. ആദിത്യന്‍ മരിച്ച് രണ്ടു വര്‍ഷം തികയാന്‍ മൂന്നു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സുചിത്രാ നായര്‍ക്കെതിരെ വെളിപ്പെടുത്തലുമായി രോണു രംഗത്തു വന്നത്. ഒരു യൂട്യൂബ് ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് രോണു ചന്ദ്രൻ ഇത് പറഞ്ഞത്. 2023 ലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ അന്തരിച്ചത്.

എന്നാല്‍ രോണുവിന്റെ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട് സുചിത്ര നായര്‍. ‘‘തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല, കാലം അതിന്റെ കാലാകാലങ്ങളില്‍ നിരപരാധിത്വം തെളിയിച്ചു കൊണ്ടേയിരിക്കും. കര്‍മ്മ, പഴയത് എല്ലാം ഓര്‍ക്കുന്ന ഒരു ദിവസം വരും.. അതുവരെ ഒള്ളൂ ഇപ്പോള്‍ കാണിക്കുന്ന അവരുടെ സന്തോഷം ഒക്കെ...’’ എന്നാണ് രണ്ടു പോസ്റ്റുകളിലായി സുചിത്ര കുറിച്ചത്.
വാമമ്പാടി എന്ന സീരിയലിലൂടെ മലയാള മിനിസ്‌ക്രീനിലേക്ക് എത്തിയ നടിയാണ് സുചിത്ര നായര്‍. വില്ലത്തിയായി പരമ്പരയില്‍ തിളങ്ങിയ സുചിത്രയുടെ സൗന്ദര്യത്തിന് അന്നേ ആരാധകരുണ്ട്. താരത്തിന്റെ സൗന്ദര്യത്തിന് പകരം വെക്കാന്‍ മറ്റാരും അന്നും ഇന്നും ഉണ്ടായിട്ടില്ല. പഴയ ആഴ്ചപ്പതിപ്പുകളിലെ നായികമാരെ ചിത്രങ്ങളില്‍ വരച്ചു വെക്കുന്നതു പോലെയാണ് സുചിത്ര എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.
പരമ്പര അവസാനിച്ചശേഷം ബിഗ്ബോസിലേക്കും എത്തിയ സുചിത്രയ്ക്ക് ഷോയിലൂടെ നിരവധി ഹേറ്റേഴ്സിനെ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അതിനു ശേഷം സുചിത്ര പിന്നീട് തിളങ്ങിയത് മോഹന്‍ലാലിന്റെ നായികയായി മലൈയ്ക്കോട്ട വാലിബനിലാണ്. അതിനു ശേഷം സോഷ്യല്‍ മീഡിയയിലും സജീവമാണ് സുചിത്ര.
ഇപ്പോഴും അവിവാഹിതയായി തുടരുന്ന സുചിത്രയുടെ സ്വകാര്യ ജീവിതത്തെ തന്നെ ബാധിക്കുന്ന രോണുവിന്റെ തുറന്നു പറച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ അഞ്ചു വര്‍ഷം മുമ്പ് വന്ന ഒരു അഭിമുഖവും വൈറലാകുന്നുണ്ട്. വാനമ്പാടി സീരിയല്‍ ഡ്രൈവറായി അഭിനയിച്ചിരുന്ന നടന്റെ യൂട്യൂബ് ചാനലില്‍ ആദിത്യനും സുചിത്രയും ചേര്‍ന്നുള്ള ഒരു ഇന്റര്‍വ്യൂ നടന്നിരുന്നു. ആദിത്യനെ ഇന്റര്‍വ്യൂ ചെയ്യുന്ന സുചിത്രയേയാണ് വീഡിയോയില്‍ കാണുന്നത്. സീരിയല്‍ ഷൂട്ടിംഗിനിടെ പ്രശസ്തമായ ആ വീടിന്റെ സമീപത്തിരുന്ന് സുചിത്രയും ആദിത്യനും ഒരുമിച്ചെത്തിയ ഒരു ദൃശ്യമാണ് വൈറലാകുന്നത്.
പ്രണയിച്ചു വിവാഹിതരായവരാണ് ആദിത്യനും രോണുവും. രോണുവിന് പതിനെട്ട് വയസുള്ള സമയത്ത് ആദിത്യന്‍ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. രോണുവിന്റെ അനിയത്തിയെ ആയിരുന്നു നായികയായി കാസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോഷൂട്ടിന് രോണുവും ഒരുമിച്ച്‌ പോയിരുന്നു. അങ്ങനെ കണ്ട് പരിചയപ്പെട്ടാണ് രോണുവും ആദിത്യനും പ്രണയത്തിലായത്. ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നത് ആദിത്യന്റെ ആഗ്രഹമായിരുന്നു. അന്ന് അിസ്റ്റന്റ് ഡയറക്ടറായിരുന്ന ആദിത്യനുമായുള്ള പ്രണയം വീട്ടില്‍ പറഞ്ഞിരുന്നില്ല.
പിന്നീട് പലരും കല്യാണ ആലോചനകളുമായി വരാന്‍ തുടങ്ങിയതോടെ ആദിത്യനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് മക്കളും ജനിച്ചു. പിന്നീട് രോണുവിനേക്കാള്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടം ആദിത്യനെയായി മാറി. ആദിത്യന് ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും കുഴഞ്ഞു വീഴുന്നതും നെഞ്ചെരിച്ചിലും അസിഡിറ്റിയുടെ പ്രശ്നങ്ങളുമൊക്കെ പതിവായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW