-->
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് അമേരിക്കയുടെ അവകാശവാദം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തില്‍ നിന്നും വലിയ വിമര്‍ശനത്തിന് കാരണമാകുമ്പോള്‍ ട്രംപിന്റെ പുതിയ കാലഘട്ടത്തിലെ ആറുമാസത്തെ നേട്ടത്തിന്റെ പട്ടികയില്‍ ഇന്ത്യാ പാക് വെടിനിര്‍ത്തലിനെയും ഉള്‍പ്പെടുത്തി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ റിവ്യൂവിലാണ് ഇന്ത്യാ - പാക് വെടിനിര്‍ത്തലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ശാന്തതയും സമാധാനവും കൊണ്ടുവരാന്‍ ട്രംപ് അക്ഷീണം പ്രയത്‌നിച്ചെന്നും വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി 20 ന് രണ്ടാം തവണ അധികാരമേറ്റെടുത്തത്. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാനും കഴിഞ്ഞെന്നും പറയുന്നു. ചരിത്രത്തിലെ ഏറ്റവും സുതാര്യമായ ഭരണമാണ് ഇപ്പോഴുള്ളതെന്ന് ലീവിറ്റ് പറഞ്ഞു. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം താന്‍ ഒന്നിലധികം തവണ നിര്‍ത്തിയതായി ട്രംപ് ആവര്‍ത്തിച്ചു. യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ വളരെ വിജയിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ആണവയുദ്ധമാകുമായിരുന്നു. വളരെ മോശമാകുമായിരുന്ന കാര്യം ഞങ്ങള്‍ വ്യാപാര കരാറിലൂടെയാണ് രമ്യതപ്പെടുത്തിയതെന്ന് ട്രംപ് പറഞ്ഞു.
''ലോകത്ത് ശാന്തതയും സമാധാനവും കൊണ്ടുവരാന്‍ ട്രംപ് അക്ഷീണം പ്രയത്‌നിക്കുകയാണ്. ലോക വേദിയില്‍ പ്രസിഡന്റ് എന്താണ് ചെയ്തതെന്ന് നോക്കൂ. ഇന്ത്യയും പാകിസ്ഥാനും പോലെയുള്ള യുദ്ധങ്ങള്‍ അദ്ദേഹം അവസാനിപ്പിച്ചു. റഷ്യയിലെയും ഉക്രെയ്നിലെയും യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ആക്രമണോത്സുകമായി പ്രവര്‍ത്തിക്കുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അദ്ദേഹം പൂര്‍ണ്ണമായും ഇല്ലാതാക്കി. ആ സംഘര്‍ഷം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഇസ്രയേലും ഗാസയും തമ്മില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും കഴിഞ്ഞു.'' കരോലിന്‍ ലീവിറ്റിന്റെ റിവ്യൂറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.