-->
കേരള കലാമണ്ഡലത്തിലെ കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി റാനിയ റാണ. ദിലീപ് നായകനായെത്തിയ പ്രിന്‍സ് ആന്റ്ഫാമിലിയിലെ നായികയാണ് റാനിയ. ‘മമ്പട്ടിയാന്‍’ എന്ന സിനിമയിലെ ‘മലയൂര് നാട്ടാമ’ എന്ന ഗാനത്തിനാണ് കലാമണ്ഡലത്തിലെ കുട്ടികള്‍ക്കൊപ്പം റാനിയ ചുവടുവെക്കുന്നത്. വൈറ്റ് സല്‍വാറില്‍ അനായാസമായി റാനിയ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്നത് കാണാം.
ഡാന്‍സ് പങ്കുവെക്കുന്നതിനൊപ്പം നടി കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. താന്‍ വിദ്യാര്‍ഥിയായിരുന്ന കലാമണ്ഡലത്തിലേക്ക് തിരികെ വരുന്നുണ്ടെങ്കില്‍ അത് മുഖ്യാതിഥിയായിട്ടാകും എന്ന് താന്‍ സ്വയം വാക്ക് നല്‍കിയിരുന്നുവെന്നും ഒമ്പത് വര്‍ഷത്തിന് ശേഷം ആ വാക്ക് പാലിക്കപ്പെട്ടുവെന്നുമാണ് റാനിയ പറയുന്നത്.
‘കേരള കലാമണ്ഡലത്തിലെ യാത്രയുടെ അവസാന ദിവസം എന്റെ മാതാപിതാക്കള്‍ക്ക് ഞാനൊരു വാക്ക് കൊടുത്തിരുന്നു,എനിക്കും. ഞാന്‍ ഇവിടേക്ക് തിരികെ വരുന്നുണ്ടെങ്കില്‍ മുഖ്യാതിഥി ആയിട്ടായിരിക്കും. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനിവിടെ നില്‍ക്കുകയാണ്, ആ വാക്ക് പാലിച്ചിരിക്കുന്നു.ഈ യാത്രയ്ക്കും ഇത് സാധ്യമാക്കി തന്നതിലും പ്രപഞ്ചത്തോട് നന്ദി പറയുന്നു ’റാനിയ കുറിച്ചു.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. റാനിയയുടെ ഡാന്‍സിനും പ്രിന്‍സ്ന് ആന്റ് ഫാമിലിയിലെ പ്രകടനത്തിനുമൊക്കെ കയ്യടിക്കുകയാണ് ആരാധകര്‍. മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ റാനിയയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
കേരള കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള നര്‍ത്തകിയാണ് റാനിയ. സ്വന്തമായി നൃത്തവിദ്യാലയവുമുണ്ട്. പിന്നാലെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.