-->
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രതിഷേധം ഭയന്ന് 20 ദിവസം സര്‍വകലാശാലയില്‍ എത്താതിരുന്ന കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ ഭാരതാംബ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ കുപിതനായി ഇറങ്ങിപ്പോയി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് വി.സി. ഇറങ്ങിപ്പോയത്. രജിസ്ട്രാര്‍ അനില്‍കുമാറിനും സിന്‍ഡിക്കേറ്റിനും എസ്എഫ്‌ഐ യ്ക്കുമെതിരേ രൂക്ഷ വിമര്‍ശനമാണ് മോഹന്‍ കുന്നുമ്മേല്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്.
കേരളാസര്‍വകലാശാലയുമായി നിലവില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നം സെനറ്റ്ഹാളില്‍ വെച്ച ഭാരതാംബയുടെ ചിത്രമല്ലേ കാരണമെന്ന് ചോദിച്ചപ്പോഴായിരുന്നു വി.സി. കുപിതനായി ഇറങ്ങിേപ്പായത്. അതിന് മുമ്പ് രജിസ്ട്രാര്‍ അനില്‍കുമാര്‍ ഫയല്‍ നോക്കുന്നത് ക്രിമിനല്‍കുറ്റമാണെന്നും പറഞ്ഞു. സസ്‌പെന്റ് ചെയ്യപ്പെട്ടയാള്‍ ഫയല്‍ നോക്കുന്നത് ക്രിമിനല്‍കുറ്റമാണ്. നിയമംപാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു. അതേസമയം സിന്‍ഡിക്കേറ്റ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലേയെന്ന ചോദ്യത്തിന് പിരിച്ചുവിട്ട യോഗത്തിലാണ് സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തതെന്നും അതിന് അംഗീകാരമില്ലെന്നും പറഞ്ഞു.
എസ്എഫ്‌ഐയെ ഗുണ്ടാസംഘമെന്ന് വിളിച്ച മോഹന്‍കുന്നുമ്മേല്‍ എസ്എഫ്‌ഐക്കാര്‍ കാമ്പസിനെ കലാപഭൂമിയാക്കുന്ന ഗുണ്ടകളുടെ സംഘമെന്നും പരാമര്‍ശിച്ചു. വരുന്ന നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് നേതാക്കളെ പ്രതീപ്പെടുത്തി സീറ്റ് തരപ്പെടുത്താനും മത്സരിക്കാനുമുള്ള തത്രപ്പാടിലാണ് എസ്എഫ്‌ഐ എന്നും പറഞ്ഞു. കേരളായൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ ചെഗുവേരയുടെ ചിത്രം വെച്ചിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ വി.സി. തുടര്‍ന്ന് ഭാരതാംബയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇറങ്ങിപ്പോകുകയായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചെത്തിയ മോഹന്‍കുമാര്‍ ഇന്ന് താന്‍ 1838 സര്‍ട്ടിഫിക്കറ്റുകള്‍ താന്‍ ഒപ്പിട്ടെന്നും പറഞ്ഞു.
20 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വകലാശാലയില്‍ മോഹന്‍കുമാര്‍ എത്തിയത്. എസ്എഫ്‌ഐ യുടെ കനത്ത പ്രതിഷേധം കണക്കിലെടുത്ത് അതിശക്തമായ പോലീസ് സംവിധാനമാണ് സര്‍വകലാശാലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് സര്‍വകലാശാലയിലേക്ക് എത്തിയ വി.സി.യ്ക്ക് ഒരിടത്തും എസ്എഫ്‌ഐ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നില്ല.