-->
അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിന് കമ്പനി കോടതിയിൽ അടച്ച തുക മുൻ ജീവനക്കാരൻ തിരിച്ചു നൽകണമെന്ന് അബുദാബി കോടതി. 51,450 ദിർഹ (11.6 ലക്ഷം രൂപ)മാണ് മുൻ ജീവനക്കാരൻ നഷ്ടപരിഹാരമായി നൽകേണ്ട തുക. റെഡ് സിഗ്നൽ തെറ്റിച്ചതിനെത്തുടർന്ന് ലഭിച്ച പിഴകളാണ് ഡ്രൈവർക്ക് വേണ്ടി കമ്പനി കോടതിയിൽ അടച്ചത്.
പിന്നീട് ഡ്രൈവറുടെ ഈ നിയമലംഘനം കാരണം കമ്പനിക്ക് വലിയ നഷ്ടം സംഭവിച്ചുവെന്നും അത് കൊണ്ട് ആ തുക അയാളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു കമ്പനി കോടതിയെ സമീപിച്ചു. കൂടാതെ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണമായി അടയ്ക്കുന്നത് വരെ 5% പിഴപ്പലിശയും കോടതി നടപടികളുടെ ചെലവുകളും അഭിഭാഷക ഫീസും ഡ്രൈവറിൽ നിന്നും ഈടാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
800 ദിർഹം ശമ്പളത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തി ട്രാഫിക് നിയമം ലംഘിച്ച സംഭവത്തിൽ കമ്പനിക്ക് 50,000 ദിർഹമാണ് പിഴയായി അടക്കേണ്ടി വന്നത്. ഇതിന് പുറമെ കോടതി നടപടികൾക്കായും മറ്റും 1,450 ദിർഹം അധികമായി ചെലവഴിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുൻ ജീവനക്കാരൻ ഈ തുക കമ്പനിക്ക് തിരികെ നൽകിയില്ല എന്ന് കോടതിയിൽ കമ്പനി വാദിച്ചു.
ഡ്രൈവറുടെ തൊഴിൽ കരാർ ഉൾപ്പെടെയുള്ള രേഖകൾ കോടതി വിശദമായി പരിശോധിച്ചു. ഇയാൾ കരാർ അടിസ്ഥാനത്തിൽ കമ്പനിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്നതായി കോടതി കണ്ടത്തി. കമ്പനി പിഴയായി 51,450 ദിർഹം അടച്ചതിന്റെ തെളിവും കോടതി പരിശോധിച്ചു. കമ്പനിയുടെ വാദം ശരിയാണെന്ന് കണ്ടെത്തിയ കോടതി ഡ്രൈവർ മുഴുവൻ തുകയും തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. നേരത്തെ ഇതേ നിയമലംഘനത്തിന് ഡ്രൈവർക്ക് 3,000 ദിർഹം പിഴ ചുമത്തിയിരുന്നു.