-->
മുംബൈ: സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ സംഭാവനകള്‍ അവഗണിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. ഹരജിക്കാരനായ പങ്കജ് ഫഡ്നിസ് സമര്‍പ്പിച്ച സമാനമായ ഹര്‍ജി സുപ്രീം കോടതി ഇതിനകം തള്ളിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
അഭിനവ് ഭാരത് കോണ്‍ഗ്രസിന്റെ സഹസ്ഥാപകനാണ് പങ്കജ് ഫഡ്നിസ്. സവര്‍ക്കറിനെതിരെ പരാമര്‍ശം നടത്തിയതിലൂടെ രാഹുല്‍ ഗാന്ധി ഭരണഘടനാപരമായ കടമകള്‍ ലംഘിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറിനെക്കുറിച്ച് ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ഫഡ്നിസ് തന്റെ ഹര്‍ജിയില്‍ പറഞ്ഞു.
'സവര്‍ക്കര്‍ മുസ്ലീങ്ങളെ രാജ്യദ്രോഹികളായി കണക്കാക്കി' എന്നായിരുന്നു ഈ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതെന്നാണ് ആരോപണം. സവര്‍ക്കറുടെ സംഭാവനകള്‍ മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് സന്ദീപ് മാര്‍നെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.
ഹരജി പഠിക്കാനോ സവര്‍ക്കറുടെ സംഭാവനയെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയെ പഠിപ്പിക്കലോ അല്ല ഈ കോടതിയുടെ പണിയെന്നും ഇക്കാര്യം ഈ കോടതിക്ക് രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. സവര്‍ക്കറുടെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൂനെയിലെ പ്രത്യേക എംപി/എംഎല്‍എ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അത് ഇപ്പോഴും തീര്‍പ്പാക്കാതെയാണെന്നും കോടതി അറിയിച്ചു.