-->
ലോകേഷ് കനകരാജിനോട് തനിക്ക് ദേഷ്യമുണ്ടായിട്ടുണ്ടെന്നും ലിയോ സിനിമയില്‍ തന്നെ ശരിക്കും ഉപയോഗിച്ചില്ല എന്നുമുളള സഞ്ജയ് ദത്തിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പുതിയ ചിത്രമായ കെഡി-ദ ഡെവിള്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലോകേഷ്. സഞ്ജയ് ദത്ത് തമാശയ്ക്ക് പറഞ്ഞതാണെന്നും ആ പ്രസ് മീറ്റിന് ശേഷം അദ്ദേഹം തന്നെ വിളിച്ചെന്നും ലോകേഷ് പറഞ്ഞു.
‘ഞാനത് പറഞ്ഞത് തമാശയായിട്ടാണ് പക്ഷേ ആളുകള്‍ ആ ഒരു ഭാഗം മാത്രം കട്ട് ചെയ്തു പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. മോശമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ ഫിലിം മേക്കര്‍ ഒന്നുമല്ല. തെറ്റുകള്‍ എന്റെ സിനിമയിലും ഉണ്ടായിട്ടുണ്ട്. ഭാവിയില്‍ അദ്ദേഹത്തിന് ഒരു ഗംഭീര റോള്‍ നല്‍കി ഞാന്‍ തിരിച്ചുകൊണ്ടുവരും’ ലോകേഷ് പറഞ്ഞു.
വിജയ്‌യെ നായകനാക്കി 2023 ല്‍ ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ബോക്‌സോഫീസില്‍ മികച്ച വിജയമായിരുന്നു ചിത്രം നേടിയത്. അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, തൃഷ ,മഡോണ, മാത്യു തോമസ് എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയില്‍ അണിനിരന്നു.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം