Thursday, March 12, 2026 Last Updated 21 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 10.36 AM

മകള്‍ക്ക് അക്കാദമി തുടങ്ങാന്‍ നല്‍കിയത് രണ്ടുകോടി ;ചെറിയ കാര്യങ്ങളില്‍പ്പോലും ദേഷ്യംവരും ; മകളെയും ഭാര്യയെയും സംശയം

uploads/news/2025/07/790669/tennis.jpg

ന്യൂഡല്‍ഹി: ടെന്നീസ് താരം രാധിക യാദവിനെ കൊലപ്പെടുത്തിയ പിതാവ് ദീപക് യാദവിന് ഭാര്യയെയും രാധികയെയും സംശയമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. രാധികയ്ക്ക് അക്കാദമി തുറക്കാന്‍ പിതാവ് ദീപക് യാദവ് രണ്ടുകോടി രൂപ നിക്ഷേപിച്ചിരുന്നെന്നും ഇതിന്റെ പേരില്‍ ആളുകള്‍ അദ്ദേഹത്തെ പരിഹസിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തുന്നു.

നാല്‍പ്പത്തിയൊമ്പതുകാരനായ ദീപക് കോപത്തിനു പേരുകേട്ടവനുമായിരുന്നു. ഗുരുഗ്രാമിലെ വീട്ടില്‍ വ്യാഴാഴ്ച പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് രാധികയെ, ദീപക് വെടിവച്ചു കൊലപ്പെടുത്തിയത്. പിന്നില്‍ നിന്നു നാലുതവണ വെടിയുതിര്‍ത്ത ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. രാധികയുടെ കരിയറിനെ ദീപക് പൂര്‍ണമായും പിന്തുണച്ചിരുന്നതായി പറയപ്പെടുന്നു. തോളിനു പരിക്കേറ്റതിനെത്തുടര്‍ന്നു കരിയര്‍ നിലച്ചപ്പോള്‍ ഒരു ടെന്നീസ് അക്കാദമി ആരംഭിക്കാനുള്ള ആഗ്രഹം രാധിക പിതാവിനോടു പറഞ്ഞിരുന്നു.

ദീപക് ഇതു സമ്മതിച്ചെന്നും രാധികയെ സഹായിക്കാന്‍ രണ്ടുകോടി രൂപ ചെലവഴിച്ചെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഒരുദ്യോഗസ്ഥര്‍ പറയുന്നത്. മ്യൂസിക് വീഡിയോയുടെ ഭാഗമാകാന്‍ രാധിക ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മകളെ സെറ്റിലേക്ക് കൊണ്ടു പോയതും ദീപക് തന്നെയെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. രാധികയ്‌ക്കൊപ്പം 11 മണിക്കൂര്‍ ദീപക് സെറ്റില്‍ ചെലവഴിച്ചതായും പറയുന്നു. എന്നാല്‍, ദീപക്കിന് മറ്റൊരു വശമുണ്ടായിരുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും ഇയാള്‍ക്കു ദേഷ്യം വരും. എന്നു മാത്രമല്ല, ഭാര്യയെയും മകളെയും സംശയിക്കുകയും ചെയ്യും. സഹോദരനോടു സംസാരിച്ചതിനുപോലും ഒരിക്കല്‍ ഭാര്യയെ ഇയാള്‍ ശകാരിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്തിടെ സ്വന്തം ജന്മഗ്രാമത്തിലേക്കു പോയ ദീപക്കിനെ മകളുടെ ചെയ്തികള്‍ക്കെല്ലാം പിന്തുണ നല്‍കുന്നതിന് ആളുകള്‍ പരിഹസിച്ചു. വീണുപോയ പിതാവ് (ഗിരാ ഹുവാ ബാപ്) എന്നുവിളിച്ചായിരുന്നു കളിയാക്കല്‍. ഇത് ദീപക്കിനെ പ്രകോപിപ്പിച്ചെന്നും വീട്ടിലേക്കു മടങ്ങി ഇയാള്‍ രാധികയെ നേരിട്ടെന്നുമാണ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. വീട്ടിലെത്തിയ ദീപക് അക്കാദമി അടച്ചുപൂട്ടാന്‍ മകളോടാവശ്യപ്പെട്ടു, എന്നാല്‍, രാധിക അതു നിരസിച്ചു. ആരംഭിക്കാന്‍ രണ്ടുകോടി രൂപ നല്‍കിയ അച്ഛന്‍ അക്കാദമി അടച്ചുപൂട്ടാന്‍ പറയുന്നതില്‍ അര്‍ഥമില്ലെന്ന് അവര്‍ വാദിച്ചു.

അതിനുശേഷമുള്ള ദിവസങ്ങളില്‍ കോപവും അസ്വാസ്ഥ്യവും ദീപക്കിനെ വേട്ടയാടി. ഇതിനിടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചും രാധികയെ കൊല്ലുന്നതിനെക്കുറിച്ചും ഇയാള്‍ ചിന്തിച്ചിരുന്നു. ഒടുവില്‍ രണ്ടാമത്തെ കാര്യം ഇയാള്‍ തെരഞ്ഞെടുക്കുകയായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. രാധിക പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദീപക് അടുക്കളയില്‍ കയറി പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. നാലു വെടിയുണ്ടകള്‍ രാധികയുടെ ശരീരത്തില്‍ തുളച്ചുകയറുകയും സംഭവസ്ഥലത്തുതന്നെ മരണം സംഭവിക്കുകയുമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW