-->
വയലിന്‍ സംഗീതത്തിലൂടെ വിസ്മയം സൃഷ്ടിച്ച കലാകാരനായിരുന്നു ബാലഭാസ്കര്‍. ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകള്‍ ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞപ്പോള്‍ ഒരു മായാലോകത്തിലെന്ന പോലെ സംഗീതാസ്വാദകര്‍ അത് കേട്ടിരുന്നു. എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാലു വയലിനിൽ മീട്ടുമ്പോൾ ആരും കേട്ടിരുന്നു പോകുമായിരുന്നു. എല്ലാ താളവും ശ്രുതിയും പാതിവഴിയിൽ ഉപേക്ഷിച്ച് സംഗീതലോകത്തോടും ആരാധകരോടും യാത്ര പോലും പറയാതെ ബാലു മറഞ്ഞത് എല്ലാവരെയും ഒരുപോലെ നൊമ്പരത്തിലാഴ്ത്തി.
2018 സെപ്റ്റംബർ 25ന് കേരളം ഉണര്‍ന്നത് ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട ഞെട്ടലിലായിരുന്നു. ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേർത്തു പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു.
ഇപ്പോഴിതാ ബാലഭാസ്കറിന്റെ ജന്മദിനത്തില്‍ വൈകാരികമായ ഒരു നൊമ്പരക്കുറിപ്പ് പങ്കിടുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവ്. ബാലഭാസ്കറിനൊപ്പമുള്ള ത്രോബാക്ക് ചിത്രങ്ങള്‍ പങ്കിട്ടാണ് ഇഷാന്റെ കുറിപ്പ്. പഴയ ഭാലഭാസ്കറിനെയും ഇഷാൻ ദേവിനെയും ചിത്രങ്ങളിൽ കാണാം. തന്നെ താനാക്കിയ വഴികളിൽ ബാലഭാസ്കറിന്റെ ബാലഭാസ്കറിന്റെ കയ്യൊപ്പ് മറക്കാനും മാറ്റാനും കഴിയില്ലെന്ന് ഇഷാന്‍ കുറിച്ചിട്ടുണ്ട്.
‘‘ഹാപ്പി ബര്‍ത്ത്ഡേ ബാലു അണ്ണാ...യൂണിവേഴ്സിറ്റി കോളേജിൽ സീനിയർ ആയ ബാലു അണ്ണൻ...
ജീവിതവും സംഗീതവും രണ്ടല്ല എന്ന് കാണിച്ചുതന്നിട്ട്, ഒരുപാട് സ്വപനങ്ങൾ കാണാൻ പഠിപ്പിച്ചിട്ട്, നെഞ്ച് പിടയുന്ന നോവ് ഒരായുസ്സ് മുഴുവൻ ചുമക്കാൻ ചുമലിൽ തന്ന് എങ്ങോ മറഞ്ഞു പോയി. ഓർമകളിൽ ചിരികൾ മാത്രമേ ഉള്ളൂ. എന്നെ സ്വാധീനിച്ച എന്നെ ഞാനാക്കിയ വഴികളിൽ അണ്ണന്റെ കൈയ്യൊപ്പ് മറക്കാനും മാറ്റാനും കഴിയില്ല. നഷ്ടങ്ങളോട് പൊരുത്തപ്പെടാൻ പാകപ്പെടലാണ് ജീവിതം എന്നും തോന്നാറുണ്ട് പലപ്പോഴും. ജീവിതത്തിൽ രണ്ടു ഭാഗങ്ങൾ ആയപോലെ ഉണ്ട് ഇപ്പോൾ ഒന്ന് ബാലു അണ്ണനൊപ്പവും ഒന്ന് അതിനു ശേഷവും... അണ്ണാ ലവ് യൂ...’’ എന്നാണ് ഇഷാന്‍ കുറിച്ചിരിക്കുന്നത്.