-->
തെന്നിന്ത്യയില്‍ തരംഗമായി മാറിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. 2015 ജൂലൈ 10 നായിരുന്നു പ്രഭാസ് നായകനായെത്തിയ ചിത്രത്തിന്റെ ആദ്യഭാഗം പുറത്തുവന്നത്. ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
ബാഹുബലി അണിയറപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് പത്താം വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ്. രാജമൗലി, പ്രഭാസ്, റാണ ദഗുബാട്ടി, രമ്യ കൃഷ്ണന്‍, സത്യരാജ്, നാസര്‍, സാബു സിറിള്‍ തുടങ്ങിയവര്‍ പഴയ ഓര്‍മകളുമായി ഒത്തു കൂടി. രാജമൗലിയുടെ വസതിയിലായിരുന്നു ഒത്തുകൂടല്‍. എന്നാല്‍ ചിത്രത്തിലെ നായികമാരായ അനുഷ്‌ക ഷെട്ടി, തമന്ന എന്നിവരെ കണ്ടില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
'ഒരു സ്വപ്നമായി തുടങ്ങിയത്, നമ്മളില്‍ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവിധം വളരെ വലുതായി മാറി. ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു കഥ. ഞങ്ങളെ ഒരു കുടുംബമായി ഒന്നിപ്പിച്ച ഒരു യാത്ര. എക്കാലവും കാത്തു സൂക്ഷിക്കുന്ന ഓര്‍മകള്‍. ബാഹുബലിയുടെ 10 -ാം വര്‍ഷം ആഘോഷിക്കാന്‍ ഞങ്ങള്‍ ഒത്തുചേരുമ്പോള്‍, ഞങ്ങള്‍ക്ക് എല്ലാവരോടും വളരെയധികം നന്ദിയുണ്ട്.
ഈ കഥയില്‍ വിശ്വാസമര്‍പ്പിച്ച് കൂടെ നിന്ന ഓരോരുത്തര്‍ക്കും, ഞങ്ങളോടൊപ്പം നില്‍ക്കുകയും, ഇന്ന് കാണുന്ന രീതിയിലേക്ക് ഞങ്ങളെ എത്താന്‍ സഹായിക്കുകയും ചെയ്തവര്‍ക്കും നന്ദി. ഈ റീയൂണിയന്‍ ഒരു നൊസ്റ്റാള്‍ജിയയ്ക്കും അപ്പുറമാണ്. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഓര്‍മകളുടെ ഒരു പ്രളയം തന്നെ അത് തിരികെ കൊണ്ടുവന്നു. സംഭവിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കും, തെറ്റി പോകാമായിരുന്ന പക്ഷേ അങ്ങനെ സംഭവിച്ചില്ല...ഇതെല്ലാം ഞങ്ങള്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു.
ഇന്ന് ബാഹുബലി എന്താണോ അതെല്ലാം ആ നിമിഷങ്ങളാണ്. എന്നാല്‍ ഈ ആഘോഷം ഞങ്ങളുടേത് മാത്രമല്ല. ബാഹുബലിയെ നെഞ്ചേറ്റിയ നിങ്ങള്‍ ഓരോരുത്തരുടേതുമാണ്. ആല്‍കെമിസ്റ്റില്‍ പൗലോ കൊയ്‌ലോ പറഞ്ഞതു പോലെ, 'നിങ്ങള്‍ എന്തെങ്കിലും ആഗ്രഹിച്ചാല്‍, അത് നേടിയെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നതില്‍ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.'- എന്നാണ് പത്താം വര്‍ഷത്തില്‍ ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്.
അതേസമയം പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രം റീ റിലീസിനൊരുങ്ങുന്നുണ്ട്. നേരത്തെ രണ്ടു വര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റ ഭാഗമായാണ് റീ റിലീസ് ചെയ്യുക.
ബാഹുബലി ദ് എപ്പിക് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും. 2015-ലായിരുന്നു ആദ്യ ഭാഗമായ 'ബാഹുബലി: ദ് ബിഗിനിങ്' പുറത്തിറങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2017-ല്‍ പുറത്തിറങ്ങിയ 'ബാഹുബലി: ദ് കണ്‍ക്ലൂഷ'നും ബോക്സ് ഓഫീസില്‍ വലിയ തരംഗം തീര്‍ത്തു.