-->
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പിന്നീട് സഹതാരമായും അതിനു ശേഷം കരുത്തുറ്റ വില്ലനായും നായകനായും തിളങ്ങിയ താരമാണ് കലാഭവന്‍ ഷാജോണ്‍. നര്‍മ്മരസമുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഷാജോണിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി.
തനിക്ക് സീരിയസ് വേഷങ്ങളും ഇണങ്ങുമെന്ന് താരം തെളിയിച്ചത് അതിലൂടെയാണ്. ആ ചുവടു മാറ്റത്തിലൂടെ പിന്നീടിങ്ങോട്ട് കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഷാജോണ്‍ തിളങ്ങി. പൃഥ്വിരാജ് നായകനായി എത്തിയ ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലൂടെ ഷാജോണ്‍ സംവിധായകനായും കൈയടി നേടിയിട്ടുണ്ട്.
ഷാജോണിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ഭാര്യയായ ഡിനി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരപത്നിയാണ്. മകള്‍ക്കൊപ്പമുള്ള റീല്‍സ് വീഡിയോയും ഡാന്‍സുമൊക്കെ ഡിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ കുക്കിംഗ് ടിപ്സുകളും ക്രാഫ്റ്റ് പ്രൊജക്ടുകളും വിശേഷങ്ങളുമടക്കം എല്ലാം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഷാജോണിനൊപ്പം ഒരു അടിപൊളി ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കിടുകയാണ് ഭാര്യയായ ഡിനി ഷാജോണ്‍. തമിഴകത്ത് തരംഗമായി നില്‍ക്കുന്ന തലെവന്‍ തലൈവിയിലെ ‘വാടി എൻ പൊട്ടാല മുട്ടയേ, ചിന്ന രതുന കോട്ടയേ’ എന്ന ഗാനത്തിനാണ് ഷാജോണും ഭാര്യയും ചുവടു വയ്ക്കുന്നത്. രസകരമായി വളരെ ആസ്വദിച്ചാണ് ഷാജോണും ഡിനിയും ചുവടു വയ്ക്കുന്നത്. ചിരിച്ചുല്ലസിച്ച് റൊമാന്റിക്കായി ഡാന്‍സ് ചെയ്യുന്ന ഷാജോണിന്റെയും ടിനിയുടെയും വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.
വീഡിയോ ട്രെന്‍ഡിംഗായതോടെ സഹതാരങ്ങളും ആരാധകരും ക്യൂട്ടായ കമന്റുകളും പങ്കിടുന്നുണ്ട്. ലവ് ഇമോജിയാണ് അനു സിതാരയും അശ്വതി ശ്രീകാന്തും കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്. ‘സഹദേവൻ ഇത്രയ്ക്ക് റൊമാന്റിക് ആയിരുന്നോ, അടിപൊളി രണ്ടാളും,പൊളിച്ചൂട്ടോ ലവ് യു ചേട്ടാ ചേച്ചി...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.
2004-ൽ ആയിരുന്നു ഷാജോണും ഡിനിയും വിവാഹിതരായത്. തങ്ങളുടേത് പ്രണയ വിവാഹമായിരിന്നുവെന്ന് അഭിമുഖങ്ങളിൽ ഷാജോൺ പറഞ്ഞിട്ടുണ്ട്. ഒരു ഗള്‍ഫ് ഷോയുടെ ഇടയിലാണ് താൻ ഡിനി യോട് തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞതെന്നാണ് ഷാജോൺ പറഞ്ഞിട്ടുള്ളത്. കോട്ടയം നസീറിനൊപ്പം ഒരു ഗള്‍ഫ് ഷോയ്ക്ക് പോയപ്പോഴാണ് ഡാൻസർ ടീമിനൊപ്പമുള്ള ഡിനിയോട് ഷാജോൺ മനസ്സ് തുറന്നത്. മിസ് തൃശൂർ പട്ടം ഉള്‍പ്പെടെ നേടിയിട്ടുള്ളയാളാണ് ഡിനി. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ഇഷ്ടമാണേൽ തനിക്കും കുഴപ്പമില്ലെന്നുള്ള ഡിനിയുടെ മറുപടി തന്നെ ഞെട്ടിച്ചുവെന്ന് ഷാജോൺ പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തോളം പ്രണയിച്ച ശേഷമാണ് ഇവർ വിവാഹിതരായത്.
അതേ സമയം, പാണ്ടിരാജ് രചനയും സംവിധാനവും നിർവ്വഹിച്ച റൊമാന്റിക് കോമഡി ചിത്രമാണ് തലൈവൻ തലൈവി. വിജയ് സേതുപതിയും നിത്യ മേനനും തകര്‍ത്തഭിനയിക്കുന്ന ഈ സിനിമയുടെ ടീസറും ഗാനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഈ മാസം 25-ാം തീയതി റിലീസ് ചെയ്യാനിരിക്കുന്ന സിനിമയെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.