-->
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനുമായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ റിമാന്‍ഡ് കാലാവധി 22 വരെ ദീര്‍ഘിപ്പിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയായ സുകാന്തിന് ജാമ്യം നിഷേധിച്ചുകൊണ്ട് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജാണ് ഉത്തരവിട്ടത്.
സഹപ്രവര്‍ത്തകയെ മരണത്തിലേക്ക് തള്ളിവിട്ടെന്ന ഗുരുതര ആരോപണം നേരിടുന്ന പ്രതിക്ക് നിര്‍ണ്ണായക അന്വേഷണ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മേയ് 26 നാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്. യുവതിയെ സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരായെന്നു തെളിയിക്കുന്ന രേഖകള്‍ വ്യാജമായി തയാറാക്കിയതാണെന്നു പോലീസ് കണ്ടെത്തി. വ്യാജ വിവാഹ ക്ഷണക്കത്ത് ഉള്‍പ്പടെയാണ് അന്വേഷണം സംഘം കണ്ടെത്തിയത്.
കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗര്‍ഭഛിദ്രം നടത്തിയത്. മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പല തവണയായി മാറ്റിയത്. ഗര്‍ഭഛിദ്രത്തിനു പിന്നാലെ പ്രണയബന്ധ ത്തില്‍നിന്നു സുകാന്ത് പിന്മാറുകയും ചെയ്തിരുന്നു. വിവാഹത്തിനു താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പോലീസ് കണ്ടെത്തി. ഈ നിരാശയില്‍ യുവതി ജീവനൊടുക്കിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ സുകാന്തിന് എതിരെ ബലാത്സംഗം, ആത്മഹത്യാപ്രേരണ, വഞ്ചന എന്നീ കുറ്റങ്ങളുടെ വകുപ്പുകള്‍ ചുമത്തിയാണു പോലീസ് കേസെടുത്തത്. പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ പോലീസിന്റെ രണ്ടു സംഘങ്ങള്‍ ഒരാഴ്ചയായി അന്വേഷണം നടത്തിയിട്ടും സുകാന്തിനെ കണ്ടെത്താനായില്ല. മാര്‍ച്ച് 24 ന് ആണ് ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അടുത്ത ദിവസം തന്നെ മകളുടെ മരണത്തിനു കാരണക്കാരന്‍ സുകാന്ത് ആണെന്നാരോപിച്ച് യുവതിയുടെ പിതാവ് പേട്ട പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തന്റെ മകളെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതിന്റെ തെളിവുകള്‍ പിതാവ് സ്വന്തം നിലയ്ക്കു കണ്ടെത്തി ഹാജരാക്കിയതിനൊടുവിലാണ് പോലീസ് കേസെടുക്കാന്‍ തയാറായത്.
ഇന്റലിജന്‍സ് ബ്യൂറോയിലെ പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. വിവാഹം കഴിക്കാമെന്നു സുകാന്ത് യുവതിക്ക് ഉറപ്പ് നല്‍കിയി രുന്നു. ബന്ധം യുവതിയുടെ വീട്ടില്‍ അറിഞ്ഞതോടെ സുകാന്തുമായുള്ള വിവാഹത്തിന് സമ്മര്‍ദമായി. എന്നാല്‍, ഐ.എ.എസ് പരീക്ഷയ്ക്കുള്ള പരിശീ ലനത്തിലാണെന്നും വിവാഹത്തിന് ഇപ്പോള്‍ പറ്റില്ലെന്നും പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു പ്രേരണയായത്.