-->
അവതാരക, അഭിനേത്രി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, വ്ലോഗര്‍ എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സന്തോഷ നിമിഷങ്ങളും പേര്‍ളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രണയം, വിവാഹം, ഗര്‍ഭാവസ്ഥകള്‍, കുഞ്ഞുങ്ങളുടെ കുസൃതികള്‍, അവരുടെ സ്പെഷ്യല്‍ മൊമന്റ്സുകള്‍ എന്നിങ്ങനെയെല്ലാം പേര്‍ളി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.
സ്വകാര്യത നോക്കാറില്ല എന്നതടക്കം പല വിമര്‍ശനങ്ങളും പേര്‍ളിക്ക് അതിന്റെ പേരില്‍ കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ അതൊന്നും താരം മൈന്‍ഡ് ചെയ്തിട്ടില്ല. പേര്‍ളിക്ക് ശേഷമെത്തിയ പല സെലിബ്രിറ്റികളും പിന്നീട് തങ്ങളുടെ സ്വകാര്യ നിമിഷങ്ങളടക്കം ഇതിനേക്കാള്‍ വിപലുമായി പങ്കിടുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരാളാണ് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ് ദിയയുടേത്. ദിയയുടെ പ്രസവവും പ്രസവാനന്തര വീഡിയോകളും ഇപ്പോള്‍ യൂട്യൂബില്‍ ട്രെൻഡിങ് ആണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
ഇപ്പോഴിതാ പേര്‍ളി മാണിയും ദിയയെ അഭിനന്ദിച്ച് ഇൻസ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഒരു ഫാമിലി വ്ലോഗറിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വ്ലോഗ് ഇത്രയും വേഗം 60 ലക്ഷം കാഴ്ചക്കാരിലേക്ക് എത്തുന്നതെന്നും ഒരു സ്ത്രീക്ക് തന്റെ ജീവിതം, പ്രത്യേകിച്ച് പ്രസവം പോലൊരു കാര്യം ലോകത്തിന് മുന്നില്‍ തുറന്നുകൊടുക്കാൻ അപാരമായ ധൈര്യം ആവശ്യമാണെന്നും പേര്‍ളി കുറിച്ചു.
‘‘ഒരു ഫാമിലി വ്ലോഗറിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വ്ലോഗ് ഇത്രയും വേഗം 60 ലക്ഷം കാഴ്ചക്കാരിലേക്ക് എത്തുന്നത്. ഒരു സ്ത്രീക്ക് തന്റെ ജീവിതം, പ്രത്യേകിച്ച് പ്രസവം പോലൊരു കാര്യം ലോകത്തിന് മുന്നില്‍ തുറന്നുകൊടുക്കാൻ അപാരമായ ധൈര്യം ആവശ്യമാണ്. ഒരു പെണ്‍കുട്ടി വളരെ ധൈര്യത്തോടെ ഡെലിവറി വ്ലോഗ് പങ്കുവെച്ചത് ഞാന്‍ കണ്ടു. ആ സമയം ഞാന്‍ ഒരുപാടു കരഞ്ഞു. അവള്‍ അനുഭവിച്ച വേദന കണ്ടിട്ട് മാത്രമല്ല ഓരോ നിമിഷത്തിലും അവള്‍ കാണിച്ച ശക്തി കൂടി കണ്ടിട്ടാണ്. വീണ്ടും വീണ്ടും ആവർത്തിച്ചു കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു മാജിക്കല്‍ പവർ വീഡിയോയ്ക്ക് ഉണ്ട്...
നീ വേദനകൊണ്ട് വിറച്ച നിമിഷങ്ങള്‍, നിശബ്ദമായ കണ്ണുനീർ, ആത്മാവിന്റെ ഉള്ളില്‍ എവിടെയോ നിന്ന് വന്ന നിലവിളി, പിന്നെ ഹൃദയമിടിപ്പിന്റെ ശബ്ദം, ഒരു കുഞ്ഞി കരച്ചില്‍! ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങള്‍. ആ നിമിഷത്തില്‍ ഈ യാത്രയിലൂടെ കടന്നുപോയ ഓരോ സ്ത്രീയേയും ഞാൻ ഓർത്തു. വേദന, ഭയം, പ്രതീക്ഷ, ഉള്ളില്‍ നിന്ന് എങ്ങനെയോ ഉയർന്നുവരുന്ന വിശദീകരിക്കാനാകാത്ത ശക്തി. എല്ലാം ഞാൻ ഓർത്തുപോയി...’’ പേര്‍ളി കുറിച്ചു.
ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആണ്‍ കുഞ്ഞ് പിറന്നത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് വീട്ടില്‍ വിളിക്കുന്നതെന്ന് വ്ലോഗില്‍ സിന്ധു കൃഷ്ണ പറയുന്നുണ്ട്. നാല് പെണ്‍കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറിന്റെ വീട്ടിലെ ആദ്യ ആണ്‍ കുഞ്ഞ് കൂടിയാണ് നിയോം.
പ്രസവം ലൈവായി കാണിച്ച് റീച്ച് കൂട്ടി എന്നതടക്കം പല തരത്തിലുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളും നിറയുന്നുണ്ടെങ്കിലും ഇപ്പോഴും ദിയയുടെ വ്ലോഗിന് ആരാധകരേറെയാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ മനോഹര നിമിഷമാണിതെന്നും, ഒരു കുഞ്ഞ് ഭൂമിയിലെത്തുമ്പോള്‍ അമ്മ അനുഭവിക്കുന്ന വേദന എത്രത്തോളമാണെന്ന് ആളുകള്‍ തിരിച്ചറിയണമെന്നതുമടക്കം പോസിറ്റീവ് കമന്റുകളിടുന്നവരും കുറവല്ല.