-->
‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ എന്ന ഹിന്ദി സീരിയല്‍ മാത്രം മതി സ്മൃതി ഇറാനി എന്ന അഭിനേത്രിയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മിനിസ്ക്രീനില്‍ അനശ്വരമാക്കിയ കഥാപാത്രമായിരുന്നു ഇതിലെ തുളസി. കുടുംബത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന മരുമകള്‍, അമ്മ, അമ്മായിയമ്മ എന്നീ നിലകളിലൊക്കെ സ്മൃതി ഈ സീരിയലില്‍ വര്‍ഷങ്ങളോളം നിറഞ്ഞു നിന്നു.
ശോഭ കപൂറും ഏക്ത കപൂറും ചേർന്ന് നിർമ്മിച്ച ഈ ജനപ്രിയ പരമ്പരയില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച മാതൃകാ മരുമകളായ തുളസി വിരാനിയുടെ കഥയാണ്. ഭർത്താവ് മിഹിർ വിരാനിയും കുട്ടികളുമെല്ലാം നിറഞ്ഞ തുളസിയുടെ ജീവിതം നിറഞ്ഞ ഹൃദയത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളില്‍ ഒന്നായിരുന്നു ഇത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെയാണ് സ്മൃതി ഇറാനി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തത്. എങ്കിലും ഇന്നും ജനമനസ്സുകളില്‍ ‘തുളസി’ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക സ്മൃതിയുടെ മുഖമാണ്.
അതുകൊണ്ടാകാം ഇപ്പോഴിതാ വീണ്ടും ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ പരമ്പരയുടെ രണ്ടാംഭാഗത്തിലൂടെ വീണ്ടുമെത്തുകയാണ് സ്മൃതി ഇറാനി. 15 വർഷത്തിന് ശേഷമാണ് സ്മൃതി അഭിനയത്തിലേക്ക് തിരികെയെത്തുന്നത്. സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്താണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. രണ്ടാം ഭാഗത്തിലും തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് സ്മൃതി അവതരിപ്പിക്കുന്നത്. മെറൂണ്‍ സാരിയും വട്ടപ്പൊട്ടും പരമ്പരാഗത ആഭരണവും ധരിച്ച സ്മൃതി ഇറാനിയെ ഫസ്റ്റ് ലുക്കില്‍ കാണാം. ‘‘25 വര്‍ഷത്തെ ബന്ധമാണ് നമ്മള്‍ തമ്മിലുള്ളത്. ഞാനെത്തുകയാണ് നിങ്ങളുടെ മുന്നിലേക്ക്...’’ എന്ന് സ്മൃതി ഇറാനി അവതരിപ്പിക്കുന്ന തുളസി പറയുന്നതായിട്ടാണ് വീഡിയോ.
ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ തുളസിയെ സ്വീകരിക്കാനൊരുങ്ങുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട വീഡിയോയ്ക്ക് താഴെ ആശംസകളും കാത്തിരിക്കുന്നു എന്നറിയിക്കുന്ന കമന്റുകളും നിറയുകയാണ്.
2000 മുതല്‍ 2008 വരെയാണ് ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ സ്റ്റാര്‍ പ്ലസ്സില്‍ സംപ്രേഷണം ചെയ്തത്. അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’ യോടൊപ്പം ആരംഭിച്ച ഈ ഷോ ഏഴ് വർഷത്തോളം ടിആർപി ചാർട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളില്‍ ജനപ്രിയ വിഭാഗത്തില്‍ മികച്ച നടിയായി സ്മൃതി തുടർച്ചയായി ഏഴ് അവാര്‍ഡുകള്‍ നേടിയിരുന്നു.