Friday, March 13, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 09.06 AM

ഡാര്‍ക്ക് വെബ്ബ് വഴി മയക്കുമരുന്ന് കടത്ത് ; കോടികള്‍ സമ്പാദിക്കാമെന്ന് കൊതിപ്പിച്ച് എഡിസനെ ലഹരി വഴിയിലേക്ക് എത്തിച്ചതു ഡിയോള്‍

uploads/news/2025/07/789870/edison.jpg

കൊച്ചി: ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി എഡിസനെ ലഹരി വഴിയിലേക്ക് എത്തിച്ചതു സുഹൃത്ത് കെ.വി. ഡിയോളെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. കോടികള്‍ സമ്പാദിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് എഡിസനെ ലഹരി വില്‍പനയ്ക്കായി എത്തിച്ചത്. കേസില്‍ അറസ്റ്റിലായ എഡിസണ്‍ ബാബു, കെ.വി. ഡിയോള്‍, അരുണ്‍ തോമസ് എന്നിവര്‍ വാഴക്കുളത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ ഒന്നിച്ചു പഠിച്ചവരാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു സഹപാഠികളും നിരീക്ഷണത്തിലാണ്.

ലഹരി ഇടപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇടുക്കിയിലെ പ്രമുഖ റിസോര്‍ട്ടിലാണ് ഇവര്‍ എത്തിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ റിസോര്‍ട്ടിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറയെ ഡിയോളിന്റെയും എഡിസന്റെയും ചിത്രങ്ങളാണ്. ഡിയോള്‍ 2019 മുതല്‍ വിദേശ ലഹരി ഇടപാടുകാരുമായി ബന്ധമുള്ളയാളാണ്. കോടികള്‍ സമ്പാദിക്കാമെന്നു മോഹിപ്പിച്ച് എഡിസനെയും ലഹരി വഴിയിലേക്കു നയിച്ചതു ഡിയോളാണെന്നാണ് എന്‍.സി.ബിയുടെ കണ്ടെത്തല്‍. ഡിയോളിന്റെ ഭാര്യ അഞ്ജു ഡേവിസാണു മറ്റൊരു പ്രതി. പ്രതികളെ ഇന്നു കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും.

ആദ്യം എഡിസണെയും പിന്നീട് മറ്റു പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് എന്‍.സി.ബിയുടെ തീരുമാനം. എന്‍.സി.ബി. സാധാരണ പിടികൂടുന്നതിനെക്കാള്‍ പത്തിരട്ടി ലഹരിയാണ് എഡിസണ്‍ കൈകാര്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കോടിക്കണക്കിനു രൂപയുടെ ഡാര്‍ക്ക്‌വെബ് മയക്കുമരുന്ന് ശൃംഖലയുടെ വിവരങ്ങളാകും പുറത്തുവരിക. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ഇവരുടെ അടുത്ത സുഹൃത്തുക്കളും നിരന്തരമായി ബന്ധപ്പെടുന്നവരും എന്‍.സി.ബിയുടെ അന്വേഷണ പിരിധിയിലാണ്.

വിദേശത്തുനിന്നു വന്‍തോതില്‍ ലഹരി വാങ്ങി പാഴ്‌സല്‍വഴി ഇടപാടുകാര്‍ക്കു വിതരണം ചെയ്യുകയാണ് എഡിസണ്‍ ചെയ്തിരുന്നത്. ആഗോള എല്‍.സി.ഡി. വിതരണക്കാരായ സോയൂ ശൃംഖലയില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയിരുന്നത്. എഡിസണില്‍നിന്ന് ലഹരി വാങ്ങിയ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ വീടുകളിലും ഇതിനോടകം പരിശോധന നടത്തി. എഡിസന് ആഗോള ലഹരി ഇടപാട് സംഘങ്ങളുമായി അടുത്ത ബന്ധമെന്നാണു വിവരം. 2021 മുതല്‍ ആയിരത്തിനടുത്ത് ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ കോടികളാണു സമ്പാദിച്ചത്. ഇതെല്ലാം പല മേഖലകളില്‍ നിക്ഷേപിച്ചു. ഇതിനുള്ള തെളിവുകള്‍ എന്‍.സി.ബിക്കു കിട്ടിയതായാണു വിവരം.

വിദേശത്തുനിന്നു വന്‍തോതില്‍ ലഹരി വാങ്ങി പാഴ്‌സല്‍വഴി ഇടപാടുകാര്‍ക്കു വിതരണം ചെയ്യും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ളവര്‍ക്കും എഡിസണ്‍ ആവശ്യാനുസരണം മയക്കുമരുന്ന് എത്തിച്ചുനല്‍കി. വിദേശ പാഴ്‌സല്‍ വാങ്ങാന്‍ ഇയാള്‍തന്നെയാണു പോയിരുന്നത്. ഇതു വീട്ടിലെത്തിച്ചശേഷം ബന്ധപ്പെടുന്നവര്‍ക്കു പാഴ്‌സലില്‍ അയക്കുകയായിരുന്നു പതിവ്. എല്‍.എസ്.ഡി. വിദേശത്തുനിന്ന് എത്തിക്കുമ്പോള്‍ കെറ്റമിന്‍ ഇന്ത്യയില്‍നിന്നുതന്നെയാണ് എഡിസണ്‍ വാങ്ങിയത്. കൃത്യസമയത്ത് പാഴ്‌സലുകളായി മയക്കുമരുന്ന് എത്തിക്കുകയും പാഴ്‌സലുകള്‍ നഷ്ടപ്പെട്ടാല്‍, അതിനു കൃത്യമായ നഷ്ടപരിഹാരം നല്‍കിയുമായിരുന്നു എഡിസന്റെ വിപണനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW