-->
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തും. ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് നടക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് മന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുമ്പോഴും മൗനം തുടരുകയാണ് മന്ത്രി വീണാ ജോര്‍ജ്. അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ യൂത്ത് കോണ്‍ഗ്രസും ബിജെപിയും യൂത്ത് ലീഗും ആര്‍വൈഎഫും മഹിളാകോണ്‍ഗ്രസും പോലെയുള്ള സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതി, പത്തനംതിട്ടയിലെ വീട് അനക്‌സ് കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കെല്ലാം പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിട്ടുണ്ട്. ഇന്നും തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയി ലേക്കാണ് മാര്‍ച്ച് നടത്തുക. ചൊവ്വാഴ്ച്ച താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
ബിന്ദുവിന്റെ മരണത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയത കേസില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ജൂലൈ 26ന് രാവിലെ 11 ന് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.