-->
ന്യൂഡല്‍ഹി: ഇടത്തരം, താഴ്ന്ന വരുമാനക്കാര്‍ക്ക് ആശ്വാസമേകുന്ന വിധത്തില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇളവുചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. 12% ജി.എസ്.ടി. സ്ലാബ് പൂര്‍ണമായി ഒഴിവാക്കുക അല്ലെങ്കില്‍ 12% നികുതിയുള്ള പല ഇനങ്ങളെയും 5% സ്ലാബിലേക്കു താഴ്ത്തുക എന്നതാണ് ആലോചനയിലുള്ളത്.
കാര്‍ഷികോപകരണങ്ങള്‍, വാക്‌സിനുകള്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍യന്ത്രം, പ്രഷര്‍ കുക്കര്‍, അടുക്കളപ്പാത്രങ്ങള്‍, ഇലക്ട്രിക് ഇസ്തിരിപ്പെട്ടി, വാട്ടര്‍ ഹീറ്റര്‍, ചെറിയശേഷിയിലുള്ള അലക്കുയന്ത്രം, സൈക്കിള്‍, 1000 രൂപയ്ക്കുമേല്‍ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, 500-1000 രൂപ നിരക്കിലുള്ള പാദരക്ഷകള്‍, സ്‌റ്റേഷനറി സാമഗ്രികള്‍, സെറാമിക് ടൈല്‍ തുടങ്ങിയവയുടെ ജി.എസ്.ടി. ഇളവുചെയ്യാനാണ് കേന്ദ്രനീക്കം. ജി.എസ്.ടി. ഘടനയിലെ ഈ പരിഷ്‌കാരം നിലവില്‍വന്നാല്‍ പല നിത്യോപയോഗസാധനങ്ങളുടെയും വില കുറയും. ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. രാജ്യത്ത് നിലവില്‍ 12% ജി.എസ്.ടിയുള്ള ഇനങ്ങളെല്ലാം ഇടത്തരം, താഴ്ന്നവരുമാനക്കാര്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍, 0-5% സ്ലാബിലുള്ള അവശ്യവസ്തുക്കളുടെ വിഭാഗത്തില്‍ ഇവ ഉള്‍പ്പെടുന്നില്ല.
സര്‍ക്കാരിന് 40,000 മുതല്‍ 50,000 കോടി രൂപവരെ സാമ്പത്തികബാധ്യതയുണ്ടാക്കുന്നതാകും നിര്‍ദിഷ്ട ജി.എസ്.ടി. പരിഷ്‌കാരം. എന്നാല്‍, സാധാരണക്കാരുടെ വാങ്ങല്‍ശേഷി ഉയരുമ്പോള്‍ വിപണിയിലുണ്ടാകുന്ന ഉണര്‍വിലൂടെ ഇതു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജി.എസ്.ടി. വരുമാനവര്‍ധനയുണ്ടാകും. ജി.എസ്.ടി. നിരക്കുകളില്‍ കാലാനുസൃതമാറ്റത്തിനു സാധ്യതയുണ്ടെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. അവശ്യവസ്തുക്കളുടെ കാര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന മാറ്റമാണ് പരിഗണനയിലെന്നും മന്ത്രി വ്യക്തമാക്കി.