-->
തിരുവനന്തപുരം: മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള ആർജെഡിയിലേക്ക് മടങ്ങുന്നു. ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച നടപടി അദ്ദേഹം പിൻവലിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു.
തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി .ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ തിരിച്ചുപോക്ക്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം മറ്റു കക്ഷികളുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നതായി വാർത്തകൾ ഉണ്ട്. എന്നാൽ സുരേന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ സിപിഎം പ്രാദേശിക നേതൃത്വവും ആന്റണി രാജുവും എതിർത്തു. കേരള കോൺഗ്രസ് (എം) പതിമൂന്നാം സീറ്റായി ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ അവരുമായും സുരേന്ദ്രൻ പിള്ള ചർച്ച നടത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നു .